യു.പിയില്‍ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിനെ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദിച്ചു
യു.പിയില്‍ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിനെ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദിച്ചു. കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ഒരുക്കുന്നതിനും ചാണകം വാരുന്നതിനും വിസമ്മതിച്ചതോടെയാണ് ഇയാളെ മർദിച്ചത്. ഗ്രാമത്തിലെ സ്വാധീന ശക്തിയുള്ള ചിലരാണ് മർദനത്തിന് നേതൃത്വം നല്‍കിയതെന്നും റിപ്പോർട്ടുകളുണ്ട്.
ഇയാളുടെ കൈയും കാലും ബന്ധിച്ച് മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി. തുടർന്ന് വായില്‍ വെള്ളം നിറച്ച് മർദിച്ചു. ദയക്കായി കബുതാര കേണുവെങ്കിലും ഇത് ചെവിക്കൊള്ളാൻ അക്രമികള്‍ തയാറായില്ല. പിന്നീട് ഇയാളുടെ തല മൊട്ടയടിച്ച് ഗ്രാമത്തില്‍ പ്രദിക്ഷിണം ചെയ്യിക്കുകയും ചെയ്തു.
പാദരി ഗ്രാമത്തിലെ ബാബ കബുതാര എന്നയാള്‍ക്കാണ് മർദനമേല്‍ക്കേണ്ടി വന്നത്. കൃഷിയിടത്തില്‍ കടല പറിക്കുന്നതിനിടെ നാല് പേരെത്തി കബുതാരയെ കാറില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് എക്സിലൂടെ പ്രതികരിച്ചു.
ജംഗിള്‍ രാജാണ് യു.പിയില്‍ നിലനില്‍ക്കുന്നത്. ആളുകളുടെ അത്മാഭിമാനത്തിന് അവിടെ വിലയില്ലാതായിരിക്കുന്നു. സാധാരണക്കാരെ സംരക്ഷിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. കന്നുകാലികളേയും ക്രിമിനലുകളേയും മാത്രമാണ് യു.പി സർക്കാർ സംരക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
: