KeralaTop News

കൂറുമാറ്റ കോഴയിൽ തോമസ് കെ തോമസിനെതിരെ ശക്തമായ നടപടിക്ക് സിപിഎം; മുഖ്യമന്ത്രിയുടെ നിലപാടിൽ എൻസിപിക്ക് അതൃപ്തി

Spread the love

തിരുവനന്തപുരം:കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ തോമസിനെതിരെ ശക്തമായ നടപടിക്ക് സിപിഎം.തുടർ സഹകരണം എങ്ങനെ വേണം എന്ന കാര്യം ഗൗരവമായി ആലോചിക്കണമെന്നാണ്
സിപിഎമ്മിൽ വലിയൊരു വിഭാഗത്തിന്‍റെ അഭിപ്രായം. കോഴ ആരോപണം നിഷേധിച്ച് കത്ത് നൽകിയിട്ടും മുഖവിലക്ക് എടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിൽ എൻസിപിക്കും അതൃപ്തിയുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം തുടർ നടപടികൾക്ക് ഒരുങ്ങുകയാണ് തോമസ് കെ തോമസ് വിഭാഗം. മന്ത്രി മാറ്റം വേണമെന്ന തോമസ് കെ തോമസ് വിഭാഗത്തിന്‍റെ മുറവിളി അടഞ്ഞ അധ്യായം ആയെന്ന വിലയിരുത്തുന്ന എകെ ശശീന്ദനും അനുകൂലികളും ഇതൊരു അവസരമായി എടുക്കുകയാണ്.

തോമസ്‌ മന്ത്രിയാകില്ലെന്നും താനൊരു ടോർപിഡോ വെച്ചിട്ടുണ്ടെന്നും ആന്റണി രാജു പലരോടും പറഞ്ഞിട്ടുള്ള കാര്യം അറിയാമെന്നും ഇത് അത്തരത്തിലുള്ള ആന്‍റണി രാജുവിന്‍റെ നീക്കമാണെന്നും തോമസ് കെ തോമസ് ആരോപിച്ചിരുന്നു. താൻ മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് ആരോപണം ഉയര്‍ന്നത്.എൻസിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നത്. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കും എന്ന് തോന്നുന്നില്ല. പിസി ചാക്കോയോട് ഇക്കാര്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണെന്നും തോമസ് കെ തോമസ് ഇന്നലെ വ്യക്തമാക്കി.