മഅ്ദനിയെ ആക്ഷേപിച്ചു എന്ന് ചിലർ പറയുന്നു, പ്രസംഗങ്ങളെ പറ്റി അന്ന് വിമർശനം ഉണ്ടായിരുന്നു; പി ജയരാജൻ
മഅ്ദനിയുടെ പ്രസംഗങ്ങളെ പറ്റി അന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജൻ. മഅ്ദനിയെ ആക്ഷേപിച്ചു എന്ന് ചിലർ പറയുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ പറ്റി അന്ന് വിമർശനം ഉണ്ടായിരുന്നു. പിൽകാലത്ത് കോയമ്പത്തൂർ സ്ഫോടനത്തിൽ പ്രതിയായപ്പോൾ നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ട് എന്നും പുസ്തകത്തിൽ ഉണ്ട്. വസ്തുതയ്ക്ക് നിരയ്ക്കാത്തതൊന്നും പുസ്തകത്തിൽ ഇല്ല. വിയോജിപ്പുകൾ ഉണ്ടാകും അത് ആരോഗ്യകരമായ സംവാദത്തിന് ഉപയോഗിക്കണമെന്നും പി ജയരാജൻ പറഞ്ഞു. പുസ്തകം വരുന്നു എന്നു കേട്ടപ്പോൾ പലരും പല വ്യാഖ്യാനങ്ങളുമായി വന്നു. പുസ്തകം സമൂഹം ചർച്ച ചെയ്യണം, വായിക്കാതെ അഭിപ്രായപ്രകടനം ചിലർ നടത്തുന്നുണ്ട്. അർത്ഥവത്തായ സംവാദമാണ് ഇതിൽ ഉള്ളത് പി ജയരാജൻ വ്യക്തമാക്കി.
ആർഎസ്എസിനെക്കുറിച്ച് പറയാൻ അവകാശമുണ്ടെങ്കിൽ ന്യൂനപക്ഷത്തില വർഗീയതയെക്കുറിച്ചും പറയാൻ അവകാശമുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൻ്റെ ഇസ്ലാമോഫോബിയയെ കുറിച്ചാണോ പറയേണ്ടത്? ഇപ്പോൾ ചികിത്സയിൽ കഴിയുന്ന മഅ്ദനിയെ അപമാനിച്ചു എന്നാണ് ചിലർ പറയുന്നത്. അത് കണ്ണ് കാണാത്തവൻ ആനയെക്കുറിച്ച് പറയുന്നത് പോലെയാണ്. 2008 ൽ താൻ എഴുതിയ പുസ്തകത്തിൽ പൂന്തുറ കലാപത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിൽ മഅ്ദനിയുടെ പ്രസംഗത്തെ വിമർശിച്ച് പറഞ്ഞിട്ടുണ്ട് പി ജയരാജൻ പറഞ്ഞു.
അതേസമയം, അദ്ദേഹത്തിന്റെ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം കത്തിച്ച് പിഡിപി പ്രതിഷേധിച്ചിരുന്നു. പുസ്തകത്തിൽ മഅ്ദനിക്കെതിരായ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം നടന്നത്. സംഘ്പരിവാർ ഭാഷ്യമാണ് പി. ജയരാജൻ പുസ്തകത്തിലൂടെ നടത്തുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.ചരിത്രപഠനം എന്ന നിലയ്ക്കാണ് ജയരാജൻ ഈ പുസ്തകമെഴുതിയത്. അദ്ദേഹത്തിന് ചരിത്രമെഴുതാൻ എന്ത് യോഗ്യതയാണുള്ളത്. പച്ചക്കള്ളമാണ് പി ജയരാജൻ പ്രചരിപ്പിക്കുന്നതെന്നും പിഡിപി നേതാക്കൾ ആരോപിക്കുന്നു.
പി ജയരാജന്റെ പുസ്തകത്തിലെ പരാമർശം വ്യക്തിപരമായ അഭിപ്രായവും വ്യക്തിപരമായ വീക്ഷണവുമാണ്, അതിനെ അങ്ങനെ കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകും. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.