സതീഷ് കൃഷ്ണ സെയിലിന് ഇന്ന് നിര്‍ണായകം; ഖനന കേസില്‍ ഇന്ന് വിധിപറയും; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് കാര്‍വാര്‍ എംഎല്‍എയുടെ വാദം
കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെ പ്രതിയായ ഖനന കേസില്‍ ഇന്ന് ശിക്ഷാവിധി. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ അടക്കം ആറ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.ജന പ്രതിനിധികള്‍ക്കായുള്ള ബംഗളുരുവിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. ഖനിയില്‍ നിന്ന് നിയമ വിരുദ്ധമായി 77.4 ലക്ഷം ടണ്‍ ഇരുമ്പയിര് ബെലെകേരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. സതീഷ് കൃഷ്ണ സെയിലിന്റെ മല്ലിക്കാര്‍ജുന്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ അടക്കം നാല് കമ്പനികള്‍ ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍.
ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന ആവശ്യമാണ് സതീഷ് കൃഷ്ണ സെയില്‍ മുന്നോട്ട് വച്ചിരിക്കുന്നത്. താന്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയായിട്ടില്ലെന്ന് സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്താനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കിയിരുന്നത് സതീഷ് കൃഷ്ണ സെയിലായിരുന്നു. ദൗത്യത്തിലെ ഇടപെടലുകളിലൂടെ മലയാളിക്ക് സുപരിചിതനാണ് സതീഷ് കൃഷ്ണ സെയില്‍. അര്‍ജുന്റെ മൃതദേഹം വീട്ടിലെത്തിക്കുന്ന വേളയില്‍ സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെയുള്ള സംഘം അര്‍ജുന്റെ വീട്ടിലെത്തിയിരുന്നു.
ബെലേക്കേരി ഖനന കേസില്‍ സമര്‍പ്പിച്ച ആറ് കേസുകളിലെ അന്തിമ ശിക്ഷാ വിധിയാണ് ഇന്ന് വരാനിരിക്കുന്നത്. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മഹേഷ് ബിലേയ്, എംഎല്‍എ സതീഷ് എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അനുമതിയില്ലാതെ 11,312 മെട്രിക് ടണ്‍ ഇരുമ്പയിര് എംഎല്‍എയും കൂട്ടരും കടത്തിയെന്നാണ് കേസ്. ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്നതാണ് കേസ്.