‘100 കോടി വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാനുള്ള ആളുണ്ടോ ആന്റണി രാജു’; തോമസ്.കെ.തോമസ്
തനിക്കെതിരായ കോഴ ആരോപണത്തിന് പിന്നിൽ ആന്റണി രാജുവെന്ന് തോമസ് കെ തോമസ്.100 കോടി വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാനുള്ള ആളുണ്ടോ ആന്റണി രാജുവെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ജേഷ്ഠനെ തകർത്ത പോലെ തന്നെയും തകർക്കാൻ ശ്രമിക്കുന്നു. മന്ത്രി സ്ഥാനം ചർച്ചയായപ്പോഴാണ് വീണ്ടും ആരോപണം ഉയർന്നത്. പാർട്ടിയിൽ നിന്നുള്ള ഗൂഢാലോചന ഉണ്ടെങ്കിൽ അന്വേഷിക്കണം.
താൻ ശരത്ത് പാവാറിനൊപ്പമാണെന്നും എൻസിപി നേതൃയോഗത്തിൽ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.
ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും അതിന് താനുമായി ബന്ധമില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ തന്നെ നിഷേധിച്ച കാര്യമാണെന്നും കെട്ടിച്ചമച്ച വാര്‍ത്ത മാത്രം എന്നും അദ്ദേഹം വ്യക്തമാക്കി. അജിത് പവാർ പക്ഷത്ത് ചേരാൻ 2 എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം തോമസ് കെ തോമസ് എംഎൽഎ നിഷേധിചു. ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് തോമസ് കെ തോമസ് കൂട്ടിച്ചേർത്തു
ഇതിനിടെ എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ തോമസ് കെ തോമസ് എംഎല്‍എ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ രംഗത്തുവന്നു. വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനൊരു സംഭവും തന്റെ അറിവില്‍ ഉണ്ടായിട്ടില്ലെന്നും ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ പോയിരുന്നെങ്കില്‍ ഒരുപാട് സ്ഥാനങ്ങള്‍ തനിക്ക് കിട്ടിയേനെയെന്നും എന്നാല്‍ ചെങ്കൊടി പ്രസ്ഥാനത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ പച്ചിലകാട്ടി തന്നെ വിരട്ടാന്‍ നോക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ ആവശ്യപ്പെട്ടു.
തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രി സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമര്‍ശിച്ചത്.
കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചര്‍ച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്.