KeralaTop News

മഴ കനക്കുന്നു; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും അതിശക്തമായ മഴയുണ്ടായേക്കും

Spread the love

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ കനക്കും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 11 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യല്ലോ മുന്നറിയിപ്പ് ഉണ്ട്

മലയോര മേഖലകളില്‍ മഴ കനത്തേക്കും.മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള , ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തി.

ദാന ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് നാളെ വരെ തെക്കന്‍ കേരളത്തില്‍ അനുകൂലമായി തുടരാന്‍ സാധ്യത. തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ തെക്കന്‍ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാത ചുഴിയും തെക്കു പടിഞ്ഞാറന്‍ അറബിക്കടലിനും തെക്കു കിഴക്കന്‍ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന മറ്റൊരു ചക്രവാത ചുഴിയുടെയും സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം.