അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമം, ഇന്ത്യക്കാരിൽ പകുതിയും ഗുജറാത്തികൾ
കഴിഞ്ഞ ഒരു വർഷത്തിനിടെ മണിക്കൂറിൽ 10 ഇന്ത്യക്കാർ യുഎസിൽ അനധികൃതമായി കടക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. കാനഡയാണ് അവരുടെ പ്രിയപ്പെട്ട റൂട്ട്. മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്ന് 2.9 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഡാറ്റ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം പ്രശ്‌നമായി തുടരുന്നു. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്ന ഇന്ത്യക്കാരിൽ പകുതിയും ഗുജറാത്തികളെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഗുജറാത്തികൾ മെക്സിക്കോയെക്കാൾ കാനഡയെ കൂടുതലായി തിരഞ്ഞെടുക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം യുഎസ് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഓരോ മണിക്കൂറിലും ഏകദേശം 10 ഇന്ത്യക്കാർ അറസ്റ്റിലായി. 43,764 ഇന്ത്യക്കാരെ യു.എസ്-കാനഡ അതിർത്തിയിൽ തടവിലാക്കിയി. മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തത്തിലുള്ള അനധികൃത കുടിയേറ്റ എണ്ണത്തിൽ നേരിയ കുറവുണ്ടായതായി ഡാറ്റ സൂചിപ്പിക്കുന്നു. മെക്‌സിക്കോ അതിർത്തി വഴി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ 25,616 ഇന്ത്യക്കാർ പിടിക്കപ്പെട്ടുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.