കോഴ ആരോപണത്തിന് പിന്നില്‍ ആന്റണി രാജു, 100 കോടി കൊടുത്ത് ഇവരെ വാങ്ങിയിട്ട് എന്തിനാണ്?; പരിഹസിച്ച് തള്ളി തോമസ് കെ തോമസ്
ഇടത് എംഎല്‍എമാരെ അജിത് കുമാര്‍ പക്ഷത്തേക്ക് എത്തിക്കാന്‍ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം പൂര്‍ണമായി തള്ളി തോമസ് കെ തോമസ്. തെറ്റായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആന്റണി രാജുവാണെന്നാണ് തോമസ് കെ തോമസിന്റെ ആരോപണം. 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം പൂര്‍ണമായി തള്ളിയ തോമസ് കോടികളൊക്കെ പറയുമ്പോള്‍ മര്യാദ വേണ്ടേ എന്നും ചോദിച്ചു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് ആന്റണി രാജുവാണ്. മുഖ്യമന്ത്രി പി സി ചാക്കോയുമായി സംസാരിച്ചു. കുട്ടനാട് സീറ്റ് ലക്ഷ്യമിട്ടാണ് ആന്റണി രാജുവിന്റെ നീക്കമെന്നും തോമസ് കെ തോമസ് പറഞ്ഞു.
ആരോപണങ്ങളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിരിച്ചുതള്ളുകയാണ് തോമസ് കെ തോമസ് ചെയ്തത്. 100 കോടി നല്കി ഇവരെ വാങ്ങിച്ചാല്‍ എന്തിന് കൊള്ളാമെന്ന് തോമസ് പരിഹസിച്ചു. അജിത് പവാറിനെ താന്‍ ആകെ കണ്ടിട്ടുള്ളത് ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ്. അജിത് പവാറിന് മഹാരാഷ്ട്ര മതി. കേരളത്തിലെ എംഎല്‍എമാരെ അജിത് പവാറിന് എന്തിനാണ്? ലോബിയില്‍ വച്ച് ഡീല്‍ സംസാരിച്ചുവെന്നാണ് ആരോപണം. ഈ 100 കോടിയുടെ കാര്യമൊക്കെ സംസാരിക്കുമ്പോള്‍ ലോബിയില്‍ വച്ച് സംസാരിക്കണോ 5000 രൂപ കൊടുത്ത് ഒരു റൂമെങ്കിലും എടുത്തുകൂടേയെന്ന് ചോദിച്ച് തോമസ് കെ തോമസ് പൊട്ടിച്ചിരിച്ചു.
കോഴ ആരോപണം അജിത് പവാര്‍ പക്ഷത്തുള്ള നേതാക്കള്‍ തന്നെ തള്ളിയെന്ന് തോമസ് കെ തോമസ് പറഞ്ഞു. ആലപ്പുഴയിലെ അജിത് പവാര്‍ പക്ഷത്തിലുള്ളവര്ക്ക് കൂടി എല്‍ഡിഎഫുമായി സഹകരിക്കാനാണ് താല്പര്യം. തനിക്ക് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ മാനസികമായി അടുപ്പമുള്ളയാളല്ല ആന്റണി രാജു. തോമസ് ചാണ്ടിയ്ക്കെതിരെ ആന്റണി രാജു ചാനലിലിരുന്ന് സംസാരിച്ചിട്ടുണ്ടെന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു.