മലയാള സിനിമക്ക് അഭിമാനം; ‘ഉള്ളൊഴുക്ക്’ ഓസ്കർ ലൈബ്രറിയിൽ
ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിസ്റ്റോ ടോമിയുടെ മലയാള ചിത്രം ‘ഉള്ളൊഴുക്ക്’ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്‍ഡ് സയൻസ് ലൈബ്രറിയിൽ ഇടം നേടി. ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം സിനിമകൾ മാത്രമാണ് ലൈബ്രറിയുടെ ശേഖരത്തിലേക്ക് ഇടം പിടിച്ചിട്ടുള്ളത്.
ഈ വർഷം ജൂണില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിലൂടെ പാർവ്വതിയും ഉർവ്വശിയും മികച്ച രീതിയിലുള്ള അഭിനയമാണ് കാഴ്ച്ച വെച്ചത്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ സിനിമക്ക് ലഭിച്ചിട്ടുണ്ട് . ഉർവ്വശി മികച്ച നടിയായും അർജുൻ രാധാകൃഷ്ണന് ശബ്ദം നൽകിയ റോഷൻ മാത്യു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായും ജയദേവൻ ചക്കാടത്ത് മികച്ച ശബ്ദലേഖകനായുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സുഷിൻ ശ്യാമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്.
ലോകത്തിലെ വിവിധ ഭാഷകളിലുള്ള മികച്ച സിനിമകളുടെ തിരക്കഥകൾ സൂക്ഷിക്കുന്ന ഈ ലൈബ്രറിയിൽ ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കിയ ഉള്ളൊഴുക്കിന്റെ തിരക്കഥ പിഡിഎഫ് രൂപത്തിൽ സ്ഥാനം പിടിച്ച വാർത്ത സംവിധായകൻ ക്രിസ്റ്റോ ടോമിയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഈ ലൈബ്രറിയിലെ തിരക്കഥകൾ പഠന വിധേയമാക്കാം. ലൊസാഞ്ചലസില്‍ അക്കാദമിയുടെ മാര്‍ഗരറ്റ് ഹെറിക് ലൈബ്രറിയിലെ റീഡിങ് റൂമില്‍ ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള പ്രമുഖ തിരക്കഥകള്‍ക്കൊപ്പം പഠനത്തിനും റഫറന്‍സിനുമായി ഉള്ളൊഴുകിന്റെ തിരക്കഥയും ലഭ്യമാകും.