പുതിയ മദ്യനയം പ്രഖ്യാപിക്കാതെ സർക്കാർ; എല്‍ഡിഎഫ് അംഗീകാരം നൽകി മാസങ്ങളായിട്ടും വിജ്ഞാപനം ഇറങ്ങിയില്ല
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം തുടങ്ങി 7 മാസം പിന്നിട്ടിട്ടും പുതിയ മദ്യനയം പ്രഖ്യാപിക്കാതെ സർക്കാർ. മദ്യനയത്തിന് എൽഡിഫ് അംഗീകാരം നൽകി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മന്ത്രിസഭയുടെ പരിഗണനയിലേക്ക് വന്നില്ല. കോഴ ആരോപണം അടക്കം ഉയർന്ന സാഹചര്യത്തിലാണ് പുതിയ നയം പ്രസിദ്ധീകരിക്കുന്നതിലെ മെല്ലപോക്ക്. പെരുമാറ്റച്ചട്ടം മാറിയ ശേഷമേ ഇനി നയമുള്ളൂവെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.
ഡ്രൈ ഡേ മാറ്റാനും, ബാറുകളുടെ സമയം നീട്ടാനും സർക്കാറിന് വേണ്ടി പണം പിരിക്കണമെന്ന ബാറുടമയുടെ ശബ്ദരേഖയോടെയാണ് മദ്യനയം വിവാദത്തിലാകുന്നത്. മദ്യനയ ചർച്ചകളുടെ പ്രരംഭ ഘട്ടത്തിലാണ് കോഴ വിവാദം ഉയർന്നത്. കോഴയും ഗൂഢാലോചനയും അന്വേഷിക്കാനുള്ള എക്സൈസ് മന്ത്രിയുടെ പരാതി അന്വേഷിച്ച പൊലിസ് എല്ലാം തള്ളി. പിന്നാലെ മദ്യനയം എക്സൈസ് വകുപ്പ് തയ്യാറാക്കി. ഡ്രൈഡേ പൂർണമായും മാറ്റിയില്ലെങ്കിലും ടൂറിസിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഡ്രൈഡേയിലും മദ്യവിതരണം ചെയ്യാനുള്ള ഇളവ് നൽകുന്നതായിരുന്നു പുതിയ നയം. പൂർണമായും ഡ്രൈഡേ മാറ്റണമെന്ന ആവശ്യത്തിൽ ബാറുടമകള്‍ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഇളവിന് കാരണം കോഴയാണെന്ന ആക്ഷേപം പ്രതിപക്ഷം അടക്കം ആവർത്തിക്കുന്നുണ്ട്.
സിപിഎമ്മും എൽഡിഎഫും മദ്യനയത്തിന് അംഗീകാരം നൽകിയെങ്കിലും ഇതേവരെ വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല. വിജ്ഞാപനം പുറത്തിറങ്ങണമെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം വേണം. മദ്യം നയത്തിന് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയിട്ടില്ല. കഴിഞ്ഞ മന്ത്രിസഭായോഗത്തിൻ്റെ പരിഗണനയ്ക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും തെരെഞ്ഞെടുപ്പ് ചട്ടം വന്നപ്പോള്‍ മാറ്റിയെന്നാണ് എക്സൈസ് വകുപ്പിന്‍റെ വിശദീകരണം. അടുത്ത മാസം പെരുമാറ്റ ചട്ട മാറിയ ശേഷം മദ്യനയം അനുവദിച്ചാൽ പിന്നെ നയം നിലവിലുണ്ടാകുക വെറും നാല് മാസം മാത്രമായിരിക്കും.