കാരുണ്യ ചികിത്സ പദ്ധതി; കുടിശ്ശിക ലഭിച്ചില്ലെങ്കിൽ സേവനം നിർത്തുമെന്ന് സ്വകാര്യ ആശുപത്രികളുടെ മുന്നറിയിപ്പ്
കാരുണ്യ ചികിത്സ പദ്ധതിയുമായി ബന്ധപ്പെട്ട കുടിശ്ശിക ലഭിച്ചില്ലെങ്കിൽ സേവനം നിർത്തുമെന്ന് സ്വകാര്യ ആശുപത്രികളുടെ മുന്നറിയിപ്പ്. കാരുണ്യ ആരോഗ്യരക്ഷ പദ്ധതിയിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളാണ് മുന്നറിയിപ്പ് നൽകിയത്. വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളും കിട്ടാനുള്ള തുക അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യവുമായി ആരോഗ്യവകുപ്പിനെ സമീപിച്ചിരിക്കുകയാണ്. കാരുണ്യ ആരോഗ്യരക്ഷ പദ്ധതിക്കായി 1300 കോടി രൂപ ധനവകുപ്പിനോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇത്രയും പണം ഒന്നിച്ചു നൽകാൻ ആവില്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. എന്നിരുന്നാലും നൂറുകോടി എങ്കിലും നൽകാനുള്ള ശ്രമത്തിലാണ് ധനവകുപ്പ്.
അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് 1100 കോടി രൂപയാണ് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കാൻ ഉള്ളത്. പദ്ധതിച്ചെലവിന്റെ 60% എങ്കിലും നൽകണമെന്ന് മന്ത്രി വീണാ ജോർജ് കേന്ദ്ര മന്ത്രി ജെ പി നദ്ദയോട് ആവശ്യപ്പെട്ടതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.