പിവി അൻവറിന്റെ ഡിഎംകെ റോഡ് ഷോയ്ക്ക് എത്തിയ സ്ത്രീകൾക്ക് നേരെ പ്രവർത്തകരുടെ ഭീഷണി
ഇന്നലെ പാലക്കാട് മണ്ഡലത്തിൽ നടന്ന ഡിഎംകെ റോഡ് ഷോയ്ക്ക് എത്തിയ സ്ത്രീകളെ പാർട്ടി അനുകൂലികൾ തന്നെ ഭീഷണിപ്പെടുത്തിയതായി പരാതി. പണം വാഗ്ദാനം ചെയ്താണ് തങ്ങളെ കൊണ്ടുവന്നതെന്ന് പ്രതികരിച്ച സ്ത്രീകളെയാണ് പിവി അൻവറിന്റെ പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ഇവരെക്കൊണ്ട് പറഞ്ഞകാര്യങ്ങൾ മാറ്റി പറയിപ്പിക്കുന്ന ദൃശ്യങ്ങളും സംഘം പകർത്തിയെന്നും പരാതിയിൽ പറയുന്നു. അക്ഷരാർത്ഥത്തിൽ ഡിഎംകെയുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു പാലക്കാട് നടന്ന റോഡ് ഷോ, എന്നാൽ പങ്കെടുക്കാനെത്തിയവരിൽ ചിലരുടെ പ്രതികരണങ്ങൾ തേടിയതോടെ പണി പാളിയോ എന്ന് ചെറിയ സംശയം.
അതേസമയം, പണം നൽകി ആളെ എത്തിച്ചിട്ടില്ലെന്ന് പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയായിരുന്ന മിൻഹാജ് പറഞ്ഞു. ഡിഎംകെയുടെ റോഡ് ഷോയിൽ പണം നൽകി ആളെ എത്തിച്ചിട്ടില്ല. പാർട്ടിയോടുള്ള താല്പര്യം കൊണ്ട് റോഡ് ഷോയിലേക്ക് വന്നതാണ് മിക്കവരും. താൻ സിനിമ നിർമ്മാതാവാണ്, റാലിയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ റോഡ് ഷോയിൽ പങ്കെടുത്തിട്ടുണ്ട്, അത് പുതിയ സംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ്. എന്നാൽ ബിരിയാണിയും പണവും വാഗ്ദാനം ചെയ്തല്ല റോഡ് ഷോയിലേക്ക് ആളുകളെ എത്തിച്ചത്. റോഡ് ഷോ തകർക്കാൻ ചിലർ ശ്രമിക്കുമെന്ന് തനിക്ക് നേരത്തെ സൂചന ലഭിച്ചിരുന്നെന്നും മിൻഹാജ് വ്യക്തമാക്കി.