ജൂതരുടെ എതിര്‍പ്പ്; ഗസ്സയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ ഇസ്രയേലി സൈനികന്റെ ശവകുടീരത്തിലെ കുരിശ് മറച്ചു
ജൂതരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഗസ്സയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ ഇസ്രയേലി സൈനികന്റെ ശവകുടീരത്തിലെ കുരിശ് മറച്ചതായി റിപ്പോര്‍ട്ട്. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഡേവിഡ് ബോഗ്ഡാനോവ്‌സ്‌കി എന്ന സൈനികന്റെ മൃതദേഹം ഹൈഫ മിലിറ്ററി സെമിത്തേരിയിലാണ് അടക്കിയിരിക്കുന്നത്. ശവകുടീരത്തില്‍ സ്ഥാപിച്ച കുരിശ് ഒന്നുകില്‍ നീക്കം ചെയ്യുകയോ അല്ലെങ്കില്‍ അവിടെ നിന്ന് മൃതദേഹം മാറ്റുകയോ ചെയ്യണമെന്ന് പ്രതിരോധ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു
ശവകുടീരത്തില്‍ കുരിശ് സ്ഥാപിക്കുന്നത് തങ്ങളുടെ വിശ്വാസത്തിനെതിരാണെന്നും സെമിത്തേരിയില്‍ വന്ന് പ്രാര്‍ത്ഥിക്കാനുള്ള തങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ചില ജൂത കുടുംബങ്ങള്‍ പരാതിപ്പെട്ടിരുന്നു. തങ്ങളുടെ പ്രീയപ്പെട്ടവന്റെ ശവകുടീരത്തിലെ കുരിശ് മറച്ചുവച്ചിരിക്കുന്നതായി കണ്ടെന്നും തങ്ങള്‍ക്ക് വല്ലാതെ അപമാനിക്കപ്പെട്ടതായി തോന്നിയെന്നും കൊല്ലപ്പെട്ട സൈനികന്റെ കുടുംബം ഇസ്രയേലിലെ മാധ്യമങ്ങളോട് പ്രതികരിച്ചു. ആ ശവകുടീരത്തിലെ കുരിശടയാളം തങ്ങളുടെ പ്രിയ പുത്രന്റെ വ്യക്തിത്വത്തിന്റേയും വിശ്വാസത്തിന്റേയും അടയാളമാണെന്നും കുടുംബം ചൂണ്ടിക്കാട്ടി.
ശവകുടീരത്തില്‍ കുരിശടയാളം സ്ഥാപിക്കുന്നത് ആ സെമിത്തേരിയുടെ ആകെ വിശുദ്ധതയെ തന്നെ കളങ്കപ്പെടുത്തുന്നതായി ഇസ്രയേലി ആര്‍മി ചീഫ് റാബി പ്രതികരിച്ചു. എന്തെങ്കിലും മതപരമായ ചിഹ്നങ്ങള്‍ സൈനിക സെമിത്തേരിയില്‍ വയ്ക്കുന്നതിന് നിയമപരമായി തന്നെ എതിര്‍പ്പുകളുണ്ടെന്നും കൊല്ലപ്പെട്ട ജൂത സൈനികരുടെ മൃതദേഹങ്ങളും ഇതേ സെമിത്തേരിയില്‍ തന്നെ അടക്കിയിരിക്കുന്നതിനാല്‍ അത് ഒഴിവാക്കേണ്ടത് പരമ പ്രധാനമാണെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.
2013ലാണ് ജൂതരല്ലാത്ത സൈനികരുടേയും ഭൗതിക ശരീരങ്ങള്‍ സൈനിക സെമിത്തേരിയില്‍ അടക്കാമെന്ന ഉത്തരവ് പുറത്തിറങ്ങിയത്. ഡേവിഡ് ബോഗ്ഡാനോവ്‌സ്‌കിയുടെ ശവകുടീരത്തിലെ കുരിശടയാളെ മാസങ്ങളായി കറുത്ത തുണി കൊണ്ട് മറച്ച് സൂക്ഷിച്ചിരിക്കുകയാണ്.