KeralaTop News

വിളിക്കാത്ത യാത്രയയപ്പിന് എത്തിയത് എങ്ങനെ? കള്ളം പറയുന്നത് പി പി ദിവ്യയോ കണ്ണൂർ ജില്ലാ കളക്ടറോ

Spread the love

ആര് ക്ഷണിച്ചിട്ടാണ് പി പി ദിവ്യ എഡിഎം കെ. നവീൻ ബാബുവിന്റെ യാത്രയയപ്പിന് കണ്ണൂർ കളക്ടട്രേററില്‍ എത്തിയത് എന്ന ചോദ്യത്തിന് ഉത്തരം വ്യക്തമാകാനിരിക്കെ പി പി ദിവ്യയുടെ ജാമ്യഹർജി ഈ മാസം 29 ലേക്ക് മാറ്റി.

യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ ജില്ലാ കളക്ടർ വിളിച്ചിട്ടാണ് താൻ എത്തിയതെന്ന് ആദ്യം അവകാശപ്പെട്ടെങ്കിലും ഇന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നടന്ന വാദത്തില്‍ ഡെപ്യൂട്ടി കളക്ടർ വിളിച്ചിട്ടാണ് യോഗത്തിൽ സംസാരിക്കാൻ എത്തിയതെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു. ഇതോടെ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് തന്‍റെ തന്നെ മൊഴി മാറ്റിയത് എഡിഎം കെ നവീൻ ബാബുവിന്റെ കേസ് കൂടുതല്‍ സങ്കീർണമാക്കുന്നു.

ജില്ലാ കളക്ടർ വിളിച്ചിട്ടാണ് എത്തിയതെന്ന് പി പി ദിവ്യ ആദ്യം പൊലീസിനോട് പറഞ്ഞതിനെതുടർന്ന് താന്‍ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാഫ് കൗൺസിൽ ആണ് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചതെന്നും പരിപാടിയുടെ സംഘടകനല്ലാത്ത താൻ എന്തിനാണ് പി പി ദിവ്യയെ ക്ഷണിക്കുന്നതെന്നും കളക്ടർ ചോദിച്ചു . പ്രോട്ടോകോൾ പ്രകാരം കളക്ടർക്ക് പഞ്ചായത്ത് പ്രസിഡന്റിനെ തടയാൻ പറ്റാത്തത് കൊണ്ടാണ് അന്ന് ദിവ്യയെ തടയാതിരുന്നതെന്നും കളക്ടർ വ്യക്തമാക്കി.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടിയിൽവെച്ച് കളക്ടറെ കണ്ടപ്പോഴാണ് അനൗപചാരികമായി യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നും, തുടർന്ന് കളക്ടറെ ഫോണിൽ വിളിച്ചു താൻ പങ്കെടുക്കുമെന്ന് അറിയിച്ചുവെന്നും ദിവ്യ പിന്നീട് പറഞ്ഞു.

നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇതിനെ തുടർന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു . എന്നിട്ടും ആരുടെ ക്ഷണ പ്രകാരമാണ് പി പി ദിവ്യ യോഗത്തിൽ എത്തിയതെന്നോ പെട്രോൾ പമ്പ് അഴിമതി ആരോപണം ഉന്നയിച്ചതിലും ഇപ്പോഴും വ്യക്തതയില്ല.

ഇന്ന് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി പരിഗണിച്ചു. കഴിഞ്ഞ ദിവസം വരെ കണ്ണൂർ ജില്ലാ കളക്ടറാണ് തന്നെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് പറഞ്ഞ ദിവ്യ ഇന്ന് കോടതിയിൽ ഡെപ്യൂട്ടി കളക്ടർ വിളിച്ചിട്ടാണ് യോഗത്തിൽ സംസാരിക്കാൻ എത്തിയതെന്ന് പറഞ്ഞു. വാദങ്ങൾ അടിക്കടിക്ക് മാറ്റിയായിരുന്നു ദിവ്യയുടെ ഇന്നത്തെ മൊഴികൾ.