ഇറച്ചിക്ക് വേണ്ടി കാട്ടുപോത്തിനെ വേട്ടയാടി കൊന്നു
സംസ്ഥാനത്ത് വീണ്ടും മൃഗവേട്ട. കൊല്ലം ജില്ലയിലെ അഞ്ചല്‍ കളംകുന്ന് ഫോറസ്റ്റ് സെക്ഷനിൽ വെച്ചാണ് കാട്ടുപോത്തിനെ ഇറച്ചിക്ക് വേണ്ടി വേട്ടയാടി കൊന്നത്. സംഭവത്തിൽ കേസെടുക്കുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്നാണ് ആക്ഷേപം. ഈ മാസം പതിനഞ്ചാം തീയതി കാട്ടുപോത്തിനെ വേട്ടയാടിയെന്നാണ് പ്രാഥമിക നിഗമനം. പതിനാറാം തീയതി കളംകുന്ന് സെക്ഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഏരൂര്‍ ഓയില്‍ പാം എസ്റ്റേറ്റില്‍ നിന്ന് കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. പക്ഷെ ആദ്യ ഘട്ടത്തിൽ വനം വകുപ്പ് കേസെടുക്കാൻ തയ്യാറായില്ല. അതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തത് 21നാണ്. പശുവിന്റെ ഇറച്ചിയാണെന്ന് തെറ്റിദ്ധരിച്ചാണ് കേസെടുക്കാത്തതെന്ന വിശദീകരണമാണ് ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർ നൽകിയത്. പിന്നീട് ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് കാട്ടുപോത്താണെന്ന് സ്ഥിരീകരിച്ചത്. വന്യ മൃഗങ്ങളെ സ്ഥിരമായി വേട്ടയാടുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും നിലവിൽ ഒരു പ്രതികളെപോലും പൊലീസ് പിടികൂടിയിട്ടില്ല.