പൂരം വെടിക്കെട്ടിലെ വിവാദ ഉത്തരവ് പിൻവലിക്കണം; കേന്ദ്രത്തിന് കത്തുമായി സംസ്ഥാന സർക്കാർ
പൂരം വെടിക്കെട്ടിലെ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുമായി സംസ്ഥാനസർക്കാർ. ഉത്തരവ് പൂർണമായും പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. അതേസമയം പുതിയ ഭേദഗതിയിൽ ഇളവ് തേടാതെ സംസ്ഥാന സർക്കാർ വടക്കോട്ട് നോക്കിയിരുന്ന് കേന്ദ്രത്തെ കുറ്റം പറയുകയാണെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡൻറ് വിമർശിച്ചു.
തൃശൂർ പൂരം വെടിക്കെട്ട് പോലും നടത്താൻ കഴിയാത്ത സാഹചര്യത്തിലേക്ക് പുതിയ നിയമഭേദഗതി എത്തിയതോടെയാണ് ഇളവ് തേടി കേന്ദ്രത്തിന് കത്തയക്കാനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനം. 35-ഓളം നിബന്ധനകൾ പുതിയ ഭേദഗതിയിലുണ്ട്. ഉത്തരവ് പൂർണമായും പിൻവലിക്കണമെന്ന് ദേവസം മന്ത്രി വി എൻ വാസവൻ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി അതീവ ഗൗരവത്തോടെ വിഷയത്തിൽ ഇടപെടുമെന്ന പ്രതീക്ഷയും വി എൻ വാസവൻ പങ്കുവയ്ക്കുന്നു.
പൂരത്തിന് ഭംഗം വരുത്തുന്ന ഒരു നിലപാടും കേന്ദ്രസർക്കാർ സ്വീകരിക്കരുതെന്നും ഭേദഗതി പിൻവലിക്കണമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലുണ്ടെങ്കിൽ പൂരം തടസ്സമില്ലാതെ നടത്തുമെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡൻറ് കെ കെ അനീഷ് കുമാറും പ്രതികരിച്ചു. കേന്ദ്രസർക്കാറിന്റെ പുതിയ ഉത്തരവിനെതിരെ ഹൈന്ദവ സംഘടനകൾക്കിടയിലും പൂര പ്രേമികൾക്കിടയിലും വലിയ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്.