കോൺഗ്രസിന്റെ നെഞ്ചിടിപ്പ് ഉയർത്തുക പ്രധാന ലക്ഷ്യം; പാലക്കാട് ശക്തി തെളിയിക്കാൻ പി വി അൻവറിന്റെ റോഡ് ഷോ ഇന്ന്
പാലക്കാട്: സമ്മർദ്ദ തന്ത്രങ്ങൾക്കിടെ പാലക്കാട് ശക്തിതെളിയിക്കാൻ പി വി അൻവറിന്റെ റോഡ് ഷോ ഇന്ന്. പാലക്കാട് കോട്ട മൈതാനത്ത് നിന്ന് മൂന്നിന് ആരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കൺവെൻഷനോടെ സമാപിക്കും. രണ്ടായിരം പേർ പങ്കെടുക്കുമെന്നാണ് ഡിഎംകെയുടെ അവകാശവാദം. കോൺഗ്രസ്, സിപിഎം പാർട്ടികളിലെ പ്രവർത്തകരും നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്. യുഡിഎഫിന് മുന്നിൽ ഒത്തുതീർപ്പ് ഫോ൪മുല മുന്നോട്ടുവെച്ച പിവി അൻവർ പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന സൂചന നൽകിയിരുന്നു.
ഇക്കാര്യം കൺവെൻഷനിൽ പ്രഖ്യാപിക്കുമോയെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്. പാലക്കാട് ശക്തി തെളിയിച്ച ശേഷം യുഡിഎഫുമായി വിലപേശൽ നടത്താനാകുമെന്നാണ് അൻവറിന്റെ പ്രതീക്ഷ. കോൺഗ്രസിന് ലീഡ് നൽകുന്ന മാത്തൂർ, പിരായിരി പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് അൻവറിന്റെ സ്ഥാനാർത്ഥിയുടെ പ്രവർത്തനങ്ങൾ. കുടുംബയോഗങ്ങൾ നടത്തി കൂടുതൽ പേരെ ഈ മേഖലകളിൽ നിന്ന് റോഡ് ഷോയിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഈ മേഖലകളിലെ പ്രാദേശിക നേതാക്കളും പാരമ്പര്യമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന കുടുംബങ്ങളും അൻവറിന്റെ കൺവൻഷനിൽ പങ്കെടുക്കുമോയെന്നതും യുഡിഎഫ് ക്യാംപ് ഉറ്റുനോക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫോർമുല വീണ്ടുമിറക്കാനാണ് അൻവറിന്റെയും ശ്രമം. അൻവർ പറഞ്ഞാൽ അപ്പോൾ തന്നെ സ്ഥാനാർത്ഥിത്വം പിൻവലിക്കുമെന്ന് ഡിഎംകെ സ്ഥാനാ൪ത്ഥി മിൻഹാജും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.