KeralaTop News

പാലക്കാട് വാഹനാപകടം; മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഉച്ചവരെ ഒഴിവാക്കി

Spread the love

കല്ലടിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഉച്ചവരെ ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ എൽ.ഡി.എഫ്-യുഡിഎഫ്-എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പരിപാടികൾ ഇന്ന് ഉച്ചവരെ റദ്ദാക്കി.

യു‍‍ഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്ന് ഉച്ച വരെയുള്ള എല്ലാ പരിപാടികളും മാറ്റി വച്ചതായി അറിയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. സരിന്റെ തെരഞ്ഞെടുപ്പ് പരിപാടികൾ ഇന്ന് ഉച്ചവരെ റദ്ദാക്കിയിരിക്കുന്നു. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ഉച്ചയ്ക്ക് ശേഷം നാമനിർദേശ പത്രിക സമർപ്പിക്കും. DMK യുടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്ന് ഇന്ന് നടക്കുന്ന പിവി അൻവറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അറിയാം.

കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അ‍ഞ്ചു പേരാണ് അപകടത്തിൽ മരിച്ചത്. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്‌സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31), മഹേഷ്‌ തച്ചമ്പാറ എന്നിവരാണ് മരിച്ചത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വടകക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടതെന്ന് കല്ലടിക്കോട് എസ്എച്ച്ഒ വ്യക്തമാക്കി.