ഖത്തറിലും വരവറിയിച്ച് നെസ്റ്റോ ഗ്രൂപ്പ്
20 മത് വാർഷികാഘോഷ വേളയിലാണ് പുതിയ 10 ഔട്ട്‌ലെറ്റുകളുടെ പ്രഖ്യാപനം നടന്നത്.
ദോഹ, ഖത്തർ: ജിസിസി യിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ nesto ഗ്രൂപ്പ് കൊമേഴ്‌സ്യൽ അവന്യുവുമായി കരാറിലായതോടെ ഖത്തറിലെ തങ്ങളുടെ അരങ്ങേറ്റം അറിയിച്ചിരിക്കുകയാണ്. 180000 ചതുരശ്രയടി വിസ്തൃതിയിലുള്ള ഈ പുതിയ ഹൈപ്പർമാർക്കറ്റ്, രണ്ട് നിലകളായി വ്യാപിക്കുകയും, വിശാലമായ ഉൽപ്പന്നങ്ങളുടെ ശ്രേണിയിലൂടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മത്സരാത്മക വിലയിൽ ലഭ്യമാക്കുകയും ചെയ്യും. 2025 ഒന്നാം പാദത്തിൽ നിശ്ചയിച്ചിരിക്കുന്നതാണ് ഈ നെസ്റ്റോ-കൊമേഴ്‌സ്യൽ അവന്യു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം.
കരാർ ഔദ്യോഗികമായി ഒപ്പുവച്ചത് നെസ്റ്റോ ഗ്രൂപ്പിന്റെ പ്രോജക്റ്റ് & ഇൻഫ്രാസ്ട്രക്ചർ മേധാവി സന്ദീപ് രാജഗോപാൽ, കൊമേഴ്‌സ്യൽ അവന്യു സിഇഒ അബ്ദുല്ല അബ്ദുൽ റസാഖ് ഹൈദർ എന്നിവർ ചേർന്നാണ്. ചടങ്ങിൽ കൊമേഴ്‌സ്യൽ അവന്യു ചെയർമാൻ ഫഹദ് അബ്ദുൽ ലത്തിഫ് അൽ ജഹ്രാമി, നെസ്റ്റോ ഗ്രൂപ്പ് ഫിനാൻസ് കൺട്രോളർ ഷരഫുദ്ദീൻ, നെസ്റ്റോ ഗ്രൂപ്പ് ബയിങ് മേധാവി റാഷിദ് അരാമം, എക്‌സിക്യൂട്ടീവ് ഓഫീസർ പ്രോജക്റ്റ്‌സ് മുഹമ്മദ് നിസാർ, കൊമേഴ്‌സ്യൽ അവന്യുവിൽ സെയിൽസ് മേധാവി അഹ്‌മദ് തല്ലാത് എൽബന്ന, പ്രോപ്പർട്ടി മാനേജർ നാസ്സർ അൽ എമാദി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നെസ്റ്റോ ഗ്രൂപ്പ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഖത്തറിൽ 2 ബില്യൺ ഖത്തർ റിയാൽ നിക്ഷേപമാണ് കൊണ്ടുവരുന്നത്. രാജ്യത്തുടനീളം 10 ഓളം ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നെസ്റ്റോ. ഇതിൽ നാല് പ്രോജക്റ്റുകൾ ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട് , 2026 ഓടുകൂടി അവ പൂർത്തിയാക്കുകയാണ് നെസ്റ്റോയുടെ ലക്ഷ്യം.