KeralaTop NewsWayanad

കോൺഗ്രസിൽ കുടുംബാധിപത്യമെന്ന ആരോപണത്തിന് മറുപടി; പ്രിയങ്കയ്ക്കായി ഒന്നിച്ച് അണിനിരന്ന് നെഹ്‌റു കുടുംബം

Spread the love

പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സമർപ്പണത്തിന് സജീവ സാന്നിധ്യമായി നെഹ്‌റു കുടുംബം. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ റോബർട് വദ്രയും പുതിയ തലമുറക്കാരൻ റെയ്ഹാൻ വദ്രയും ഉണ്ടായിരുന്നു. കോൺഗ്രസിൽ കുടുംബാധിപത്യമെന്ന മോദിയുടെയും ബിജെപിയുടെയും ആരോപണത്തിന് മറുപടിയാണ് കടുംബാംഗങ്ങൾ ഒന്നിച്ചു അണിനിരന്നത്.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച് റോഡ് ഷോ നയിച്ചു. റോബർട് വദ്രയും റോഡ്ഷോയിൽ പങ്കെടുത്തു. റോഡ് ഷോയുടെ സമാപന യോഗത്തിന് സോണിയ ഗാന്ധിയും എത്തി. പക്ഷെ സംസാരിച്ചില്ല. 17 ആം വയസിൽ രാജീവ് ഗാന്ധിക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങിയത് മുതൽ പിതാവിനെ നഷ്ടപ്പെട്ടത് വരെ ഓർമിപ്പിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം

പത്രിക സമർപ്പണത്തിന് സോണിയയ്ക്കും രാഹുലിനും പുറമെ കളക്ടറേറ്റിലേക്ക് റോബർട് വദ്രയും റെയ്ഹാനുമെത്തി.കോൺഗ്രസിൽ കുടുംബാധിപത്യമാണെന്നാണ് ബിജെപിയും നരേന്ദ്ര മോദിയും ആരോപിക്കുന്നത്. എന്നാൽ കുടുംബാംഗങ്ങളെ മുഴുവനായും അണിനിരത്തി കൃത്യമായ രാഷ്ട്രീയ മറുപടി നൽകുകയാണ് നെഹ്‌റു കുടുംബവും കോൺഗ്രസ് നേതൃത്വവും.

അതേസമയം പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാൻ പ്രവർത്തകർ സജ്ജമാണ്. വിവിധ ജില്ലകളിൽ നൂറ് കണക്കിന് പ്രവർത്തകരാണ് എത്തിയത്. മല്ലികാര്‍ജുൻ ഖര്‍ഗെയും ഉള്‍പ്പെടെയുള്ള നേതാക്കളും കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ പങ്കെടുത്തു.