Friday, December 27, 2024
Latest:
KeralaTop News

കണ്ണൂർ കളക്ടർക്കൊപ്പം വേദിപങ്കിടാനില്ല; പരിപാടികൾ മാറ്റി മന്ത്രി കെ രാജൻ

Spread the love

എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ കളക്ടറോടുള്ള അതൃപ്തി മാറാതെ റവന്യു വകുപ്പ് മന്ത്രി കെ രാജൻ. കളക്ടർ അരുൺ കെ വിജയനൊപ്പം വേദിപങ്കിടാനിരുന്ന 3 പരിപാടികളാണ് മന്ത്രി റദ്ദാക്കിയത്. നാളെ നടക്കാനിരുന്ന കൂത്തുപറമ്പിലെയും ഇരിട്ടിയിലെയും പട്ടയമേളകളും ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവുമാണ് അതൃപ്തിയെ തുടർന്ന് മാറ്റിയത്. കളക്ടർ പങ്കെടുക്കാത്ത മുണ്ടേരി സ്കൂളിലെ ഡിജിറ്റലൈസ് പ്രഖ്യാപനത്തിൽ മന്ത്രി എത്തും.

നവീന്‍ ബാബുവിനെതിരെ മോശപ്പെട്ട ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്ന നിലപാടിൽ ആദ്യം മുതലേ മന്ത്രി കെ രാജൻ ഉറച്ചുനിന്നിരുന്നു. കഴിവുള്ള സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീന്‍ എന്നും എല്ലാ ചുമതലകളും ധൈര്യമായി ഏല്‍പ്പിക്കാനാകുന്ന ഒരാളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, എഡിഎം കെ നവീൻ ബാബുവിനെതിരെയുള്ള പരാതി വ്യാജമെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു കാലതാമസം വരുത്തിയെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കൈക്കൂലി നൽകിയെന്നുമാണ് ടി വി പ്രശാന്തന്റെയും പി പി ദിവ്യയുടെയും പരാതി. എന്നാൽ പരാതി പൂർണ്ണമായും തള്ളുന്നതാണ് പുറത്തുവരുന്ന രേഖകൾ. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സുരേഷ് നടത്തിയ അന്വേഷണത്തിൽ പ്രശാന്തൻ പെട്രോൾ പമ്പ് തുടങ്ങാനിരിക്കുന്ന സ്ഥലത്ത് വളവുണ്ടെന്ന് കണ്ടെത്തിയിരുന്നു.

അതിനാൽ സംസ്ഥാനപാതയിലൂടെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാഴ്ച പരിമിതി ഉണ്ടാവുമെന്നും, ഇത് അപകടങ്ങളിലേക്ക് നയിക്കും എന്നുമാണ് റിപ്പോർട്ട്. റിപ്പോർട്ടിനെ ശരിവെക്കുന്ന രീതിയിൽ പ്രദേശവാസികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ശ്രീകണ്ഠപുരം എസ് എച്ച് ഒ ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പമ്പിന് ശുപാർശ ചെയ്യരുതെന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയും അറിയിച്ചു. പൊലീസിന്റെ റിപ്പോർട്ട് എത്തിയ ഉടനെ എഡിഎം സ്ഥലം പുനപരിശോധിക്കാൻ ടൗൺ പ്ലാനിങ് ഓഫീസർക്ക് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ടൗൺ പ്ലാനിങ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ പ്രശാന്തൻ ലീസിന് എടുത്ത ഭൂമിയിൽ ഉണ്ടായിരുന്ന മൺ തിട്ട മാറ്റണമെന്നും, സ്ഥലം പുനഃക്രമീകരിച്ച ശേഷം പ്രശാന്തന്റെ അപേക്ഷ പുനഃ പരിശോധിക്കാമെന്ന് എഡിഎമ്മിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ നിയമപരമായ തടസ്സങ്ങൾ മാത്രമാണ് എൻഒസി അനുമതിയിലെ കാലതാമസത്തിന് കാരണം. പ്രശാന്തന്റെ ആരോപണം വ്യാജമെന്ന് തെളിയുന്ന പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തി പ്രശാന്തനിൽ നിന്ന് വിശദീകരണം തേടും.