വീണ്ടും സ്വർണക്കുതിപ്പ്; സർവകാല റെക്കോഡിൽ സ്വർണവില; 59,000ത്തിനരികെ
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. 59,000ത്തിനരികെയാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 320 രൂപ വർധിച്ച് 58,720 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് മുന്നേറ്റം കാഴ്ചവെച്ചത്. ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു. പിന്നീട് സ്വർണവില ഉയരുന്ന കാഴ്ചയാണ് വിണിയിൽ പ്രകടമായത്.
പോയ വർഷം ഇതേ ദിവസം സ്വർണം പവന് 45,280 രൂപയായിരുന്നു. ഒറ്റ വർഷം കൊണ്ട് ഒരു പവനുണ്ടായത് 13,120 രൂപയുടെ വർധനയാണ്. രാജ്യാന്തര വില ഔൺസിന് 2,733 ഡോളറെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ, അമേരിക്കൻ ഫെഡറൽ റിസർവ് വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചന എന്നിവ സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഇമേജ് നൽകുന്നു. സമീപ ഭാവിയിൽ സ്വർണവില കുറയാനിടയില്ലെന്ന സൂചനയാണ് വിദഗ്ധർ നൽകുന്നത്.