NationalTop News

ലോറൻസ് ബിഷ്ണോയിക്ക് നിയമസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌ത്‌ ഉത്തർ ഭാരതീയ വികാസ് സേന; ജയിലിലേക്ക് കത്തയച്ചു

Spread the love

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിക്ക് മഹാരാഷ്ട്ര നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്ത് ഉത്തർ ഭാരതീയ വികാസ് സേന. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ബിഷ്ണോയിക്ക് പാർട്ടി നേതൃത്വം കത്ത് അയച്ചു. മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.

ബിഷ്ണോയിയെ ഭഗത് സിങ്ങിനോട് ഉപമിച്ചുകൊണ്ടാണ് പാർട്ടി ക്ഷണം നൽകിയിരിക്കുന്നത്. എന്നാൽ, സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലാത്ത പാർട്ടിയുടെ ഈ നീക്കം വാർത്താപ്രാധാന്യം കിട്ടാനുള്ള നാടകമാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. പൊലീസ് ഇക്കാര്യം അന്വേഷിക്കുകയാണ്.ഗുണ്ടാത്തലവനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന രീതിയിലുള്ള വിമർശങ്ങളും പാർട്ടി നേരിടുന്നുണ്ട്.

എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ വധവുമായി ബന്ധപ്പെട്ട് ബിഷ്ണോയി സംഘത്തിലെ നിരവധി പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെ, ബിഷ്ണോയിയെ വധിക്കുന്ന പൊലീസുകാർക്ക് 1.11 കോടി രൂപ വാഗ്ദാനം ചെയ്ത് രാജസ്ഥാൻ ആസ്ഥാനമായുള്ള ക്ഷത്രിയ കർണിസേന രംഗത്തെത്തിയിരിക്കുന്നു. കൊലപ്പെടുത്തുന്ന പൊലീസുകാരുടെ കുടുംബത്തിനു സംരക്ഷണം ഒരുക്കുന്നതിനാണു തുകയെന്നാണ് അവർ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം കർണിസേനയുടെ നേതാവ് സുഖ്ദേവ് സിങ്ങിനെ ബിഷ്ണോയി സംഘം കൊലപ്പെടുത്തിയിരുന്നു.