വയനാട് ടൗണ്‍ ഷിപ്പ് നിര്‍മ്മിക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ തോട്ടം ഉടമകള്‍
മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാന്‍ ഭൂമി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ പദ്ധതി നിയമ കുരുക്കില്‍. ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പദ്ധതിക്കെതിരെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തോട്ടം ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
നെടുമ്പാല ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന്റെയും, കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെയും ഉടമകള്‍ ആണ് ഹര്‍ജി നല്‍കിയത്. മേപ്പാടിയിലെ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന്റെ 65.41 ഏക്കര്‍ ഭൂമിയും, പുല്‍പ്പാറ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കാന്‍ ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ തോട്ടം ഉടമകളോട് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു. സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു.
ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പദ്ധതികള്‍ കാര്യക്ഷമമായി മുമ്പോട്ട് പോകേണ്ടതുണ്ടെന്ന് ചീഫ് സെക്രട്ടറിയോട് പറഞ്ഞിരുന്നു. ഹ്രസ്വ-ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകമായി അനുമതി തരാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി കിട്ടിയാല്‍, ടെന്‍ഡര്‍ നടപടികള്‍ ഡിസംബറില്‍ തുടങ്ങുമെന്ന് കളക്ട്ര്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
ദുരന്തത്തിന്റെ ഭീകരത പരിഗണിച്ച്, 2013 ലെ ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം, പുനഃസ്ഥാപനം നിയമ പ്രകാരമായിരിക്കും പദ്ധതി നടപ്പാക്കുക. വീടുകള്‍ നിര്‍മ്മിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഏകദേശം 1,000 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് പദ്ധതി.