‘പ്രിയങ്ക ലോക്സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത’; കെസി വേണുഗോപാല്‍
പ്രിയങ്ക ഗാന്ധി കൂടുതല്‍ ദിവസം വയനാട്ടില്‍ പ്രചരണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മണ്ഡലത്തിന്റെ എല്ലായിടത്തും ഓടിയെത്താന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തുമെന്നും വെളിപ്പെടുത്തി. ഇന്ന് പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ചാണ് എത്തുക. പ്രിയങ്ക ഗാന്ധി ലോക്സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതിന് ഉജ്ജ്വലമായ പശ്ചാത്തലം വയനാട്ടിലെ ജനങ്ങള്‍ ഒരുക്കിത്തരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രിയങ്ക പ്രത്യേക വിമാനത്തില്‍ സോണിയാഗാന്ധിക്കൊപ്പം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാത്രി ബത്തേരി സപ്ത ഹോട്ടലിലാണ് തങ്ങുക. നാളെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എത്തും. കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോയോട് കൂടിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം. ഹിമാചല്‍ പ്രദേശ്, തെലങ്കാന,കര്‍ണാടക മുഖ്യമന്ത്രിമാരും റോഡ് ഷോയുടെ ഭാഗമാകും.
അതേസമയം, പാലക്കാട്ടെ വിമതശല്യം പാര്‍ട്ടിയെ ബാധിക്കില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വോട്ട് മറിച്ചെന്ന സരിന്റെ ആരോപണത്തില്‍ മറുപടി പറയേണ്ടത് എല്‍ഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് വില്ക്കാന് വെച്ചോയെന്ന് എല്‍ഡിഎഫ് പറയണമെന്നും വ്യക്തമാക്കി. പാലക്കാട് രണ്ടാം സ്ഥാനത്ത് വരാന്‍ എല്‍ഡിഎഫ് മത്സരിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് ആര് പിന്തുണക്കാന്‍ വന്നാലും സ്വീകരിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു. വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ടുപോവുന്നത്. എല്ലാ വെല്ലുവിളികളും അതിജീവിച്ച ആളാണ് രമ്യ ഹരിദാസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്ന കോലാഹലങ്ങളെ അവര്‍ നേരിട്ടിട്ടുണ്ട്. ചേലക്കര യുഡിഎഫ് തിരിച്ചുപിടിക്കും – കെസി വേണുഗോപാല്‍ വ്യക്തമാക്കി.