Saturday, January 4, 2025
Latest:
Top NewsWorld

ജർമ്മനിയിൽ പണിയുണ്ട്, നാല് ലക്ഷത്തോളം ഇന്ത്യാക്കാർക്ക് അവസരത്തിൻ്റെ വാതിൽ തുറക്കുന്നു; ചട്ടങ്ങളിൽ ഇളവ്

Spread the love

രാജ്യത്ത് തൊഴിലാളി ക്ഷാമം പരിഹിക്കാൻ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളിൽ കണ്ണുവച്ച് ജർമ്മനി. ഇതിനായുള്ള പുതിയ ചട്ടങ്ങൾ ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസിൻ്റെ മന്ത്രിസഭ അംഗീകരിച്ചു. ഇന്ത്യാക്കാർക്ക് കുടിയേറ്റത്തിനുള്ള നടപടികൾ കൂടുതൽ എളുപ്പത്തിലാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വിവരം. നാല് ലക്ഷം ഇന്ത്യാക്കാർക്ക് നയത്തിൻ്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്.

യൂറോപ്യൻ യൂണിയനിൽ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥ ജർമ്മനിയുടേതാണ്. സമ്പദ് വളർച്ച നിലനിർത്തുന്നതിന് മാനവ വിഭവ ശേഷിയിലെ കുറവ് രാജ്യത്തിന് തിരിച്ചടിയാണ്. ഇതിലാണ് ഇന്ത്യയിലെ നൈപുണ്യ തൊഴിൽ ശേഷിയെ ജർമ്മനി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. തൊഴിലാളി ക്ഷാമം മറികടക്കുന്നിൽ ജർമ്മനിയുടെ പ്രധാന പങ്കാളി ഇന്ത്യയാണെന്നും ജർമ്മൻ തൊഴിൽ മന്ത്രി ഹുബർട്ടസ് ഹെയ്ൽ വ്യക്തമാക്കിയിട്ടുണ്ട്.

വീസ നടപടികൾ വേഗത്തിലാക്കാനാണ് ഇതിൻ്റെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. പ്രൊഫഷണലുകളടക്കം ഇന്ത്യാക്കാർകക്ക് ഇപ്പോൾ രണ്ടാഴ്ചക്കുള്ളിലാണ് വിസ ലഭിക്കുന്നത്. നേരത്തെ ഇത് ഒൻപത് മാസം വരെയായിരുന്നു. ഇത് ഇനിയും വേഗത്തിലാക്കും.

ജർമ്മനിയിൽ ഇന്ത്യാക്കാരുടെ എണ്ണത്തിൽ വലിയ വളർച്ചയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്. 2015 ൽ വെറും 23000 പേരായിരുന്നു ജർമ്മനിയിലെ ഇന്ത്യാക്കാർ. ഇത് 2024 ഫെബ്രുവരി ആയപ്പോഴേക്കും 1.37 ലക്ഷമായി. ഈ വർഷം മാത്രം 23000 പേർ ഇന്ത്യയിൽ നിന്ന് ജർമ്മനിയിലെത്തി. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ വേഗത്തിൽ തൊഴിൽ ലഭിക്കുന്നുവെന്നും കണക്കുകൾ പറയുന്നു. ജർമ്മനിയിലെ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമാണെന്നിരിക്കെ, ഇവിടെയുള്ള ഇന്ത്യാക്കാരിൽ തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനം മാത്രമാണ്.