Saturday, February 1, 2025
Latest:
BusinessTop News

ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വെബ്‌സൈറ്റ് അടച്ചു

Spread the love

ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വെബ്‌സൈറ്റ് അടച്ചു. വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടിയെന്നാണ് ബെവ്‌കോയുടെ വിശദീകരണം. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിലയില്‍ തിരിമറി നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് അടച്ചതെന്നാണ് പുറത്തു വന്ന വിവരം. booking.ksbc.co.in എന്ന സൈറ്റാണ് താത്ക്കാലികമായി അടച്ചത്.

യുപിഎ വഴി പണമടച്ചാണ് മിക്കവരും ഓണ്‍ലൈനായി മദ്യം വാങ്ങുന്നത്. ഹാക് ചെയ്യാന്‍ സാധ്യതയെന്ന് സൈബര്‍ വിദഗ്ധന്‍ ചൂണ്ടിക്കാട്ടിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് അടച്ചുപൂട്ടിയതെന്നാണ് വിവരം. വെബ്‌സൈറ്റുവഴി മദ്യം വാങ്ങുന്നവര്‍ക്ക് സാധാരണയായി ഒരു മറുപടി എസ്എംഎസ് ലഭിക്കാറുണ്ട്. എസ്എംഎസില്‍ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഔട്ട്‌ലെത്തിലെത്തി ഇത് കാണിച്ച് മദ്യം വാങ്ങുമ്പോള്‍ തിരിമറി നടക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്.

തിരക്കുള്ള സമയത്ത് എസ്എംഎസുകളും സിസ്റ്റത്തിലെ വിവരങ്ങളും ഒത്തുനോക്കാന്‍ ജീവനക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ബെവ്‌കോ വെബ്‌സൈറ്റ് താത്ക്കാലികമായി അടച്ചത്. വളരെക്കുറച്ചുപേര്‍ മാത്രമേ ഈ വെബ്‌സൈറ്റിലൂടെ മദ്യം വാങ്ങാറുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.