ഗുസ്തി താരങ്ങളുടെ സമരം ആസൂത്രണം ചെയ്തത് ബിജെപി നേതാവ്, കോൺഗ്രസല്ലെന്നും സാക്ഷി മാലിക്
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്നിൽ ബിജെപി നേതാവ് ബബിത ഫൊഗട്ടെന്ന് ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക്. ബബിതയ്ക്ക് ഗുസ്തി ഫെഡറേഷൻ ചെയർമാൻ സ്ഥാനത്തെത്താൻ വേണ്ടിയായിരുന്നു ബ്രിജ് ഭൂഷണെതിരായ സമരം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അവർ പറഞ്ഞു. ഇന്ത്യ ടുഡെ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
ഫെഡറേഷൻ അകത്തുയർന്ന അപമര്യാദയോടെയുള്ള പെരുമാറ്റം ലൈംഗികാതിക്രമം സംബന്ധിച്ച പരാതികളുമായി ബന്ധപ്പെട്ട് ബബിത ഫൊഗട്ട് ഗുസ്തി താരങ്ങളുടെ യോഗം വിളിച്ച് പ്രതിഷേധിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സാക്ഷി മാലിക് പറഞ്ഞത്. ബബിതയ്ക്ക് അധ്യക്ഷ പദത്തിലെത്താൻ വേണ്ടിയാണ് തങ്ങളെ കരുവാക്കിയതെന്നും കോൺഗ്രസായിരുന്നില്ല സമരത്തിന് പിന്നിലെന്നും സാക്ഷി മാലിക് പറഞ്ഞു. രണ്ട് ബിജെപി നേതാക്കളാണ് (ബബിത ഫൊഗട്ട്, തിരത് റാണ) ഗുസ്തി താരങ്ങളുടെ സമരത്തിന് ഹരിയാനയിൽ പിന്തുണയും സഹായവും നൽകിയതെന്നും സാക്ഷി പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും യു.പിയിൽ സ്വാധീനമുള്ള ബിജെപി നേതാവും മുൻ എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നത്. ബബിത തങ്ങൾക്കൊപ്പം സമരത്തിൽ പങ്കെടുത്ത് തങ്ങൾക്ക് വേണ്ടി സംസാരിക്കുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ലെന്നും സാക്ഷി പറഞ്ഞു.