നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴിയെടുത്തു, പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കളക്ടര്‍
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുത്ത് പൊലീസ്. ഇന്നലെ രാത്രിയാണ് മൊഴി രേഖപ്പെടുത്തിയത്. പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കളക്ടര്‍ മൊഴി നല്‍കി.
അതേസമയം, യാത്രയയപ്പിന് മുന്‍പ് ദിവ്യയുടെ ഫോണ്‍ വന്നിട്ടുണ്ടെന്ന കാര്യം കളക്ടര്‍ സ്ഥിരീകരിച്ചു. കോള്‍ റെക്കോര്‍ഡ് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് ശേഷം ദിവ്യയെ ബന്ധപ്പെട്ടിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. താന്‍ അവധിക്ക് അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവധിയും സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗവണ്‍മെന്റ് തീരുമാനിക്കേണ്ടതാണെന്നും അവരുടെ തീരുമാനം എന്താണോ അതിനനുസരിച്ചു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവുമായി നല്ല ബന്ധമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്ന് കളക്ടര്‍ വെളിപ്പെടുത്തി.
അതേസമയം, നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തലുണ്ട്. എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചന. നവീന്‍ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥന്‍ എന്ന് സഹപ്രവര്‍ത്തകരും മൊഴി നല്‍കി.