‘തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് കെപിസിസി ഒരു താക്കീതും നല്‍കിയിട്ടില്ല’; വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം നിലക്കുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് കെപിസിസി താക്കീത് ചെയ്‌തെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍ എംപി. തന്നെ കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തിട്ടില്ലെന്നും താനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഒരേ വേദിയിലുണ്ടായിരുന്നെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. താക്കീത് എന്ന് പ്രചരിക്കുന്ന കാര്യം കെപിസിസി അധ്യക്ഷനും അറിഞ്ഞിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വിരോധം തോന്നേണ്ട ഒന്നും യുഡിഎഫിനില്ല. തൃശൂരിലുണ്ടായ ഡീലിന് പാലക്കാട് മറുപടി കരുതി വച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറമ്പില്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി നേതൃത്വം താക്കീത് നല്‍കിയെന്നായിരുന്നു വാര്‍ത്ത പരന്നിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെന്ന് ഷാഫിയെ കെപിസിസി നേതൃത്വം ഓര്‍മിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രചാരണം ഡിസിസിയോട് ആലോചിച്ച് മതിയെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു, ഇനിയുള്ള പ്രചാരണം കൂടിയാലോചിച്ച ശേഷം മന്ത്രം മതിയെന്നും കെപിസിസി നേതൃത്വം പറഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.