‘സിപിഎമ്മിനെതിരെ നടത്തിയ വിമർശനങ്ങളിൽ പശ്ചാത്തപിക്കുന്നു, മരണംവരെ നന്ദിയുള്ളവൻ ആയിരിക്കും’; ഫേസ്ബുക്ക് കുറിപ്പുമായി പി സരിൻ
സിപിഎമ്മിനെതിരെ നടത്തിയ പരാമർശങ്ങളിൽ പശ്ചാത്തപിച്ച് പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നുകൊണ്ട് നടത്തിയ രാഷ്ട്രീയ വിമർശനങ്ങളും
ആ സംസ്ക്കാരത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് നടത്തിയ ചില ഇടപെടലുകളും പൂർണ്ണമായും ഒഴിവാക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്കുണ്ടെന്നും സരിൻ ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടി നൽകിയ ചുമതലയുള്ളതിനാൽ നടത്തിയ വിമർശനങ്ങളാണ് അതെല്ലാം. ഒന്നും വ്യക്തിപരമായിരുന്നില്ല. ആത്മാർത്ഥമായ സാമൂഹ്യ സേവനം കോൺഗ്രസിൽ സാധ്യമാകില്ല. മരണംവരെ നന്ദിയുള്ളവൻ ആയിരിക്കുമെന്നും സഖാവേ വിളി കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും പി സരിൻ പറയുന്നു.
താനിപ്പോൾ സഖാക്കളിൽ നിന്ന് അനുഭവിക്കുന്ന സ്നേഹവായ്പ്പ് തിരിച്ചറിവിനെ അരക്കിട്ടുറപ്പിക്കുന്നതാണ്, അനിയനെ പോലെ കണ്ട മനുഷ്യർ പോലും സ്ഥാനലബ്ധിയിൽ ഗുണ്ടകളുടെ ഭാഷയിൽ ഭീഷണിപ്പെടുത്താൻ തുനിഞ്ഞ സാഹചര്യം ഏറെ വേദനാജനകമായിരുന്നുവെന്നും സരിൻ ഫേസ്ബുക്കിൽ കുറിച്ചു.