KeralaTop News

‘യുഡിഎഫിനൊപ്പമാണ് അൻവർ നിൽക്കേണ്ടത്, ഒപ്പം നിന്നാൽ രാഷ്ട്രീയ ഭാവി ഭദ്രം’: കെ സുധാകരൻ

Spread the love

അൻവറിനായി വാതിലുകള്‍ അടഞ്ഞിട്ടില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. അൻവറിനോട് പ്രതിപക്ഷ നേതാവ് സംസാരിച്ചുവെന്നും നെഗറ്റീവായും പോസിറ്റീവായും പ്രതികരിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. യുഡിഎഫിനൊപ്പമാണ് അൻവർ നിൽക്കേണ്ടത്. ഒപ്പം നിന്നാൽ രാഷ്ട്രീയ ഭാവി ഭദ്രം.

ഫാസിസ്റ്റ് ശക്തികളെ തോൽപ്പിക്കാൻ ഒരുമിച്ച് നിൽക്കണം. അതിനാൽ തന്നെ അൻവറുമായുള്ള ചര്‍ച്ചയിൽ വാതിൽ അടഞ്ഞിട്ടില്ല. അൻവറിനെതിരെ എന്തിനാണ് വാതിൽ അടയ്ക്കുന്നത് എന്നും ചര്‍ച്ചകള്‍ നടക്കട്ടെയെന്നും സുധാകരൻ പറഞ്ഞു. പാലക്കാട് പാർട്ടിയിലെ ചെറിയ പ്രശ്നങ്ങൾ മാധ്യമങ്ങൾ പർവതീകരിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.

എന്നാൽ അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതിയെന്നും അൻവറിന്‍റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും വിഡി സതീശൻ തുറന്നടിച്ചു.ചേലക്കരയിൽ രമ്യാ ഹരിദാസിനെ പിന്‍വലിച്ചാലേ പാലക്കാട് അൻവറിന്‍റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയുള്ളുവെന്ന ഉപാധി വെറും തമാശയാണെന്നും സതീശൻ പരിഹസിച്ചു.

അൻവര്‍ സൗകര്യമുണ്ടെങ്കിൽ മാത്രം സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതി. അൻവര്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. അൻവറിന്‍റെ കാര്യം ചര്‍ച്ച ചെയ്തിട്ട് പോലുമില്ല. ഒരു ഉപാധിയും അംഗീകരിക്കില്ല. അൻവര്‍ ഇത്തരത്തിൽ തമാശ പറയരുത്. വയനാട്ടിൽ അൻവര്‍ പിന്തുണച്ചില്ലെങ്കിൽ പ്രിയങ്ക ഗാന്ധി വിഷമിച്ചുപോകുമല്ലോയെന്നും വിഡി സതീശൻ പറഞ്ഞു.