പി പി ദിവ്യയെ സംരക്ഷിക്കില്ല’, കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ കർശനനടപടി; മുഖ്യമന്ത്രി
കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പിപി ദിവ്യയെ സംരക്ഷിക്കില്ല. ആരോപണം ഉയർന്നപ്പോൾ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യയെ മാറ്റിയതാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ നിലപാട് വ്യക്തമാക്കി.
ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. അതിൽ ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ല. ഇപ്പോൾ കെ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയമാണെന്നും സർക്കാർ കുടുംബത്തിന് ഒപ്പം ഇല്ല എന്ന വ്യാഖ്യാനത്തിന് ഇടവരുത്തുന്ന പ്രസ്താവനകളിൽ നിന്നും നേതാക്കൾ മാറിനിൽക്കണമെന്നും എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രതി ചേർത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും പി പി ദിവ്യയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടില്ല. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വാദം കേൾക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് പ്രതി ചേർത്തതിന് പിന്നാലെയാണ് പി പി ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
കേസിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബം കേസിൽ കക്ഷി ചേർന്നു. അന്വേഷണ സംഘം ഇന്ന് കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മൊഴിയെടുക്കാൻ പൊലീസ് അനുമതി തേടിയിരുന്നുവെന്നും സത്യം സത്യമായി പറയുമെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു.
പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. യൂത്ത് ലീഗ് പ്രവർത്തകർ ടൗൺ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡ് ഉപരോധിച്ചു.