ഇസ്ലാം’ പുതിയ പാർട്ടിയുമായി മുൻ കോൺഗ്രസ് എംഎൽഎ; അധികാരത്തിൽ വന്നാൽ ഇസ്ലാം മതത്തെ വിമർശിക്കുന്നവരെ ശിക്ഷിക്കുമെന്ന് വാഗ്ദാനം
പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി മുൻ മലേഗാവ് സെൻട്രൽ കോൺഗ്രസ് എം.എൽ.എ ഷെയ്ഖ് ആസിഫ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ‘ഇസ്‌ലാം’ എന്ന പേരിൽ രാഷ്‌ട്രീയ പാർട്ടി ആരംഭിക്കുമെന്നും മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഷെയ്ഖ് ആസിഫ് പ്രഖ്യാപിച്ചു.
തീവ്ര ഇസ്ലാം നിയമങ്ങൾ നടപ്പിലാക്കുകയാണ് പാർട്ടിയുടെ ഉദ്ദേശം. ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം വിവിധ പ്രസ്താവനകളിലൂടെ ഇസ്‌ലാമിനെതിരെ നിരന്തരം ആക്രമണം നടത്തുന്നു. ഇസ്ലാം എന്ന തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ, ഇസ്ലാം മതത്തെ അപമാനിക്കുന്നവരെ ശിക്ഷിക്കുന്ന നിയമം കൊണ്ടുവരുമെന്നും ആസിഫ് പറഞ്ഞു.
മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ മത്സരിക്കാനാണ് തീരുമാനം. ഇന്ത്യൻ സെക്കുലർ ലാർജസ്റ്റ് അസംബ്ലി എന്നാണ് ഇസ്ലാം എന്ന് പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. മലേഗാവിലെ ഡയമണ്ട് ലോൺസിൽ വച്ചായിരുന്നു പ്രഖ്യാപനം.
76 ശതമാനം മുസ്‌ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഷെയ്ഖ് ആസിഫ്. രണ്ട് തവണ മാലേഗാവ് സെൻട്രലിനെ പ്രതിനിധീകരിച്ച പരേതനായ ഷെയ്ഖ് റഷീദിന്റെ മകനാണ് ആസിഫ്. മലേഗാവ് മേയറായിരുന്ന ആസിഫ് 2014ൽ കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎയായി.