അന്തിമഹാകാളന്‍കാവ് വെടിക്കെട്ടിന് തടസമായത് കേന്ദ്ര ചട്ടങ്ങളെന്ന് കെ രാധാകൃഷ്ണന്‍; ചേലക്കരയില്‍ വിവാദം കത്തിച്ചുനിര്‍ത്താന്‍ ബിജെപി
ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം കൊഴുക്കുന്നു. അന്തിമഹാകാളന്‍കാവ് വെടിക്കെട്ടില്‍ ബിജെപി – സിപിഐഎം പോര് കനക്കുമ്പോള്‍, ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് കോണ്‍ഗ്രസിന്റെ തലവേദന. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേതാക്കള്‍ മണ്ഡലത്തിലേക്ക് എത്തിത്തുടങ്ങിയത് പോരാട്ട ചൂട് കൂട്ടിയിട്ടുണ്ട്.
മണ്ഡലത്തിലെ വിവിധ മേഖലകളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടു വോട്ടുറപ്പിക്കുന്നതിനാണ് ബിജെപി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ശ്രദ്ധ കേന്ദ്രീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം മണ്ഡലത്തില്‍ ചര്‍ച്ചയായ അന്തിമഹാകാളന്‍കാവ് പൂരം വെടിക്കെട്ട് വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. കെ രാധാകൃഷ്ണനെ ലക്ഷ്യമിട്ട് ബിജെപി വിഷയം കത്തിക്കുന്നുണ്ട്. എംപി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തതും എതിര്‍ച്ചേരി ആയുധമാക്കുന്നുണ്ട്. എന്നാല്‍ വെടിക്കെട്ടിന് തടസമായത് കേന്ദ്ര ചട്ടങ്ങള്‍ ആണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹകരിക്കുന്നില്ലെന്ന ആരോപണം തെറ്റെന്നും കെ രാധാകൃഷ്ണന്‍ മറുപടി പറഞ്ഞു.
അതേസമയം ഡിഎംകെ സ്ഥാനാര്‍ത്ഥിയും വിമതരും ഉയര്‍ത്തുന്ന തലവേദന എങ്ങനെ മറികടക്കും എന്നറിയാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ്. വി ഡി സതീശന്‍ , കെ സുധാകരന്‍ എന്നിവര്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ ഇന്ന് മണ്ഡലത്തില്‍ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ രംഗത്തിറക്കി വിമത ഭീഷണി മറികടക്കാന്‍ ആണ് കോണ്‍ഗ്രസ് ശ്രമം.