മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട പരാമര്‍ശം: മാനനഷ്ടക്കേസിനെതിരെയുള്ള കെജ്രിവാളിന്റെ ഹര്‍ജി തള്ളി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ നടത്തിയ പരാമര്‍ശത്തില്‍ ഗുജറാത്ത് സര്‍വകലാശാല നല്‍കിയ മാനനഷ്ടക്കേസിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. കേസ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യത്തില്‍ സുപ്രീംകോടതി വിസമ്മതം അറിയിച്ചു.
നേരത്തെ കേസില്‍ വിചാരണ കോടതിയുടെ സമന്‍സിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.സമാനമായ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ച ആം ആദ്മി നേതാവ് സഞ്ജയ് സിങിന്റെ കാര്യത്തില്‍ കോടതി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ് വി എന്‍ ഭാട്ടിയും ഉള്‍പ്പെടുന്ന ബെഞ്ച് കെജ്രിവാളിന്റെ ഹര്‍ജിയും തള്ളിയത്.
വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ കെജ്‌രിവാള്‍ ചോദ്യം ചെയ്യുകയായിരുന്നു. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദത്തിന്റെ സാധുതയെ കുറിച്ചും അദ്ദേഹം ചോദ്യമുന്നയിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും തങ്ങളുടെ പ്രശസ്തിയെ ബാധിക്കുന്നതുമായി ഗുജറാത്ത് സര്‍വകലാശാല പരിഗണിച്ചു. ഇതേ തുടര്‍ന്നാണ് സര്‍വകലാശാലയുടെ രജിസ്ട്രാര്‍ പീയുഷ് പട്ടേല്‍ കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങിനുമെതിരെ കേസ് ഫയല്‍ ചെയ്തത്.