KeralaTop News

അലൻ വാക്കർ ഷോയ്ക്കിടെ മൊബൈൽ മോഷണം; മുഖ്യപ്രതി ഒളിച്ചിരുന്നത് കട്ടിലിനടിയിലെ പ്രത്യേകം അറയിൽ

Spread the love

കൊച്ചിയിൽ നടന്ന അലൻ വാക്കർ ഷോയ്ക്കിടെ മൊബൈൽ മോഷ്ടിച്ച പ്രതികളെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഡൽഹിയിലെ ദരിയാ ഗഞ്ചിൽ നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മോഷ്ടിച്ച ഫോണുകൾ കുട്ടികൾ ഉപയോഗിക്കുന്ന ബാഗിൽ ആയിരുന്നു പ്രതികൾ സൂക്ഷിച്ചിരുന്നത്.

കൊച്ചിയെ ഞെട്ടിച്ച മൊബൈൽ മോഷണത്തിന്റെ മുഖ്യപ്രതികളെ പോലീസ് ഡൽഹിയിൽ എത്തി പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേസിലെ മുഖ്യപ്രതിയായ അത്തീഖ് ഉർ റഹ്മാന്റെ വീട്ടിലായിരുന്നു പ്രതികൾ. പോലീസിൽ നിന്ന് രക്ഷപ്പെടാൻ കട്ടിലിനടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിച്ചിരിക്കുകയായിരുന്നു വസീം മുഹമ്മദ്. മൊബൈൽ ഫോണുകൾക്കായുള്ള തിരച്ചിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

കേസിൽ മുംബൈയിൽ നിന്ന് അറസ്റ്റിലായ സണ്ണി ബോല യാദവ്, ശ്യാം ബൽവാല എന്നിവരെ അടുത്തദിവസം കൊച്ചിയിലെത്തിക്കും. രണ്ടു സംഘങ്ങളിൽ പെട്ട പ്രതികൾ മോഷണത്തിനായി ഒരേ സ്ഥലത്ത് എത്തിയ വിവരം പരസ്പരം അറിഞ്ഞിരുന്നില്ല. കേസിൽ നാല് പ്രതികൾക്ക് വേണ്ടി മുംബൈ പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. ഡൽഹി സ്വദേശികളായ 4 അംഗസംഘവും മുംബൈയിൽ നിന്നുള്ള 4 അംഗ സംഘവും ഉൾപ്പെടെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ആകെ നഷ്ടമായ 39 ഫോണുകളിൽ 23 എണ്ണം തിരികെ ലഭിച്ചുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഡാൻസിനിടയിലാണ് മോഷണം നടന്നത്. ഡൽഹിയിൽ നിന്ന് 20 ഫോണും മുംബൈയിൽ നിന്ന് 3 ഫോണും ലഭിച്ചു. കൊച്ചിയിൽ നിന്ന് മോഷ്ടിച്ച എത്ര ഫോൺ തിരികെ ലഭിച്ചു എന്ന് പറയാറായില്ലെന്ന് കമ്മീഷണർ പറഞ്ഞു. മുളവുകാട് സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.