KeralaTop News

ADM കെ നവീൻ ബാബുവിന്റെ മരണം; ജാമ്യമില്ലാ കേസെടുത്തിട്ട് അഞ്ചാംദിവസം; പി പി ദിവ്യയെ തൊടാതെ പൊലീസ്

Spread the love

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ തൊടാതെ പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ട് അഞ്ചു ദിവസമായിട്ടും പൊലീസ് മറ്റ് നടപടികൾ ആരംഭിച്ചിട്ടില്ല. കേസിൽ പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണ്. സിപിഐഎമ്മും പിപി ദിവ്യക്കെതിരെ നടപടിയെടുത്തിട്ടില്ല. സംഘടനാ നടപടി എടുക്കാത്തിൽ വിമർശനം ഉയരുന്നുണ്ട്.

പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ നടപടി വേണ്ടെന്നോണ് ധാരണ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ ധാരണയിലെത്തിയത്. പോലീസ് റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന നിലപാടിലാണ് പാർട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള വീഴ്ചയിലാണ് പദവിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

അതേസമയം കൈക്കൂലി ആരോപണത്തിൽ ടിവി പ്രശാന്തനെതിരെ കേസെടുത്തിട്ടില്ല. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പ്രശാന്തനായിരുന്നു പരാതി ഉന്നയിച്ചത്. നവീൻ ബാബു 98500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. പിന്നാലെ നവീൻ ബാബു കൈക്കൂലി വാ​ങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുമായി പ്രശാന്തൻ രം​ഗത്തെത്തിയിരുന്നു.

കേസിൽ പി പി ദിവ്യ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതോടെയാണ് പി പി ദിവ്യ മുൻ‌കൂർ ജാമ്യ ഹർജി നൽകിയത്. ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേരും. ഹർജിയിൽ കോടതി ഇന്ന് പോലീസ് റിപ്പോർട്ട് ആവശ്യപ്പെടാനാണ് സാധ്യത. അപേക്ഷ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്ന ആവശ്യം പി പി ദിവ്യ ഉന്നയിക്കും.

അതേസമയം കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനിൽ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴിയെടുത്തേക്കും.എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് അവകാശപ്പെട്ട ടിവി പ്രശാന്തനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് നടത്തും.