UDFനെ പിന്തുണയ്ക്കും എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം, പ്രഖ്യാപിച്ച രണ്ട് സ്ഥാനാർത്ഥികളെയും ഡിഎംകെ പിൻവലിക്കില്ല; പിവി അൻവർ
യുഡിഎഫുമായി സഹകരണ സാധ്യത തള്ളാതെ പിവി അൻവർ എംഎൽഎ. പാലക്കാട് ഡിഎംകെ പിന്തുണ കൊടുക്കണമെങ്കിൽ ചേലക്കരയിൽ കോൺഗ്രസ് പിന്തുണ തിരിച്ചും കിട്ടണം, നിലവിൽ പ്രഖ്യാപിച്ച രണ്ട് സ്ഥാനാർത്ഥികളെയും ഡിഎംകെ പിൻവലിക്കില്ലെന്നും പിവി അൻവർ വ്യക്തമാക്കി. പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികളുമായി ഡിഎംകെ ശക്തമായ പ്രവർത്തനവുമായി മുന്നോട്ട് പോവുകയാണ്.
യുഡിഎഫുമായി ഒരു ചർച്ചയും നടന്നിട്ടില്ല. യുഡിഎഫിന് പിന്തുണ കൊടുക്കും എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ് ചിലർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു. അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തകനായ മിന്‍ഹാജാണ് പാലക്കാട് മത്സരിക്കുന്നത്. മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീറാണ് ചേലക്കരയില്‍ മത്സരിക്കുന്നത്.
അതേസമയം,വയനാട് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി പിവി അൻവർ എത്തി.പ്രിയങ്കാ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം. സംഘപരിവാറിന് എതിരെയുള്ള പോരാട്ടത്തിന്റ ഭാഗമായാണ് പ്രിയങ്കയെ പിന്തുണക്കുന്നതെന്നും മുണ്ടകൈ ഉരുൾപൊട്ടലിൽ ആവശ്യമായ ദുരിതാശ്വാസം നൽകുന്നതിൽ വിമുഖത കാണിച്ചവർക്ക് എതിരെയുള്ള വിധി എഴുതാവണം തെരഞ്ഞെടുപ്പ് ഫലം എന്നും അൻവർ പോസ്റ്റിൽ വ്യക്തമാക്കി.
പാലക്കാട് സിപിഐഎമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്നത് പി സരിനാണ്. വയനാട്ടില്‍ യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫിന് വേണ്ടി സിപിഐ നേതാവ് സത്യന്‍ മൊകേരിയും രംഗത്തിറങ്ങുന്നു. ചേലക്കരയില്‍ കോണ്‍ഗ്രസിന് വേണ്ടി മുന്‍ എംപി രമ്യ ഹരിദാസും സിപിഐഎമ്മിന് വേണ്ടി പി പ്രദീപും മത്സരിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.