KeralaTop News

പാലക്കാട് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആളില്ല; കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പില്ല’; പിവി അൻവർ

Spread the love

പാലക്കാട് ഡിഎംകെ സാന്നിധ്യം എൽഡിഎഫിനും യുഡിഎഫിനും തലവേദന സൃഷ്ടിക്കുമെന്ന് പിവി അൻവർ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ പിന്തുണയ്ക്കാമെന്ന് പിവി അൻവർ പറഞ്ഞു. ഡിഎംകെ മത്സരിച്ചില്ലെങ്കിൽ പോലും കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പില്ല. ആ ജില്ലയിലെ കോൺഗ്രസുകാരുടെ പിന്തുണ പോലും സ്ഥാനാർഥിക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥി കൈപ്പത്തിയിൽ ജയിച്ച് ഒന്നര വർഷം നിയമസഭയിൽ എന്ത് ചെയ്യാനാണെന്ന് പിവി അൻവർ ചോദിച്ചു. പാലക്കാട് ഡിഎംകെ സ്ഥാനാർഥിയെ പിൻവലിച്ചാൽ യുഡ‍ിഎഫ് ചേലക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കുമോ എന്നും ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നും പിവി അൻവർ പറഞ്ഞു.

കർഷക തൊഴിലാളികളുടെ ഈറ്റില്ലമായ പാലക്കാട് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആളില്ലെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. കോൺഗ്രസിൽ നിന്ന് രാജിവച്ച സരിൻ്റെ പുറകെ നടക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്ന് അൻവറിന്റെ വിമർശനം. താൻ നോമിനേഷൻ കൊടുത്തപ്പോൾ തന്നെ ഇങ്ങോട്ട വന്നാണ് എൽഡിഎഫ് പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കൊടിയേരിക്കും ,വിഎസ്സിനും , പിണറായിക്കും ശേഷം സിപിഐഎമ്മിൽ‌ നേതാക്കളില്ലെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ സിപിഐഎം സെക്രട്ടറിയേറ്റിലെ ആരെയും ആർക്കും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് കെട്ടിവച്ച പൈസ കിട്ടില്ലെന്ന് അൻവർ പറഞ്ഞു. ഏഴ് മണ്ഡലങ്ങളിലെ ഡിഎംകെയുടെ ശക്തി ഇടതുപക്ഷം കാണാൻ കിടക്കുന്നതേ ഉള്ളൂവെന്നും എഴുതി വച്ചോളാനും പിവി അൻവർ പറഞ്ഞു.