കളക്ടർ ഉത്തരവാദിത്തം നിറവേറ്റിയില്ല, ദിവ്യക്കെതിരെ നടപടി വേണം; ഡിവൈഎഫ്ഐയെ തള്ളി പത്തനംതിട്ട ജില്ലാ സെക്രട്ടറി
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ കളക്ടർക്കെതിരെയും പിപി ദിവ്യക്കെതിരേയും വീണ്ടും രൂക്ഷ വിമർശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. കളക്ടർ ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ലെന്ന് കെപി ഉദയഭാനു പറഞ്ഞു. സ്വകാര്യ യാത്രയയപ്പ് പരിപാടിയിൽ മാധ്യമങ്ങൾ പങ്കെടുക്കരുതായിരുന്നു. പാർട്ടി ജനതാൽപ്പര്യത്തിന് ഒപ്പമാണെന്നും പിപി ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്നും ഉദയഭാനു മാധ്യമങ്ങളോട് പ്രതികരിച്ചു.
പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാടും ഉദയഭാനു തള്ളി. പാർട്ടി പൂർണ്ണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു. അതേസമയം, പിപി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ലെന്നാണ് പാർട്ടി തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ മാത്രമേ സംഘടനാ നടപടി ഉണ്ടാകൂവെന്നും നേതൃത്വം തീരുമാനിച്ചു.