NationalTop News

വിമാനങ്ങളിലെ ബോംബ് ഭീഷണി; യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരിഗണനയെന്ന് ഇൻഡിഗോ

Spread the love

മുംബൈയിൽ നിന്ന് ഇസ്താംബൂൾ, ജോധ്പൂരിൽ നിന്ന് ഡൽഹി, ഉൾപ്പെടെ
ആകാസയുടെ അഞ്ചു വിമാനങ്ങൾക്കും ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കുമാണ് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികൾ ഉൾപ്പെടെ സംയുക്തമായി അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും സന്ദേശമെത്തിയത്. ഇതോടെ ഒരാഴ്ചയ്ക്കിടെ 70 വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് ഇൻഡിഗോ വിമാന കമ്പനി അധികൃതർ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു.

വിമാനം സുരക്ഷിതമായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കി പരിശോധനകള്‍ നടത്തിയെന്നും സുരക്ഷാ ഏജന്‍സികള്‍ അനുമതി നല്‍കിയാല്‍ ലക്ഷ്യ സ്ഥാനത്തേക്ക് പുറപ്പെടുമെന്നും വിമാന കമ്പനിയായ വിസ്താരയുടെ അധികൃതർ അറിയിച്ചു. ദുബായ് – ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നേരെയും ബോംബ് ഭീഷണി ഉണ്ടായി. ഇ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പുലർച്ചെ 1.20 ന് വിമാനം ജയ്പൂരിലിറക്കി വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.