ഉദ്യോഗസ്ഥർ മാത്രമുള്ള പരിപാടിയിൽ പിപി ദിവ്യ എത്തിയത് എങ്ങിനെ?, ഗൂഢാലോചന നടന്നിട്ടുണ്ട്; കെ പി ഉദയഭാനു
ഉദ്യോഗസ്ഥർക്ക് മാത്രമുള്ള യാത്രയയപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് എങ്ങനെയാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. വിളിക്കാതെ പോകണ്ട കാര്യം എന്താണ് ദിവ്യക്ക് ഉള്ളത്? കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച തീരുമാനമാണ് ദിവ്യയുടെ രാജി. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിൽ നല്ലൊരു പങ്കും കണ്ണൂർ കളക്ടർ അരുൺ കെ വിജയനാണുള്ളത്. രാവിലെ നടത്താൻ തീരുമാനിച്ച പരിപാടി മാറ്റിയതും അതിന്റെ ഭാഗമാണ്, അദ്ദേഹത്തിനെതിരെയും അന്വേഷണം വേണമെന്നും കെപി ഉദയഭാനു വ്യക്തമാക്കി.
അന്വേഷണത്തിൽ ബാഹ്യമായ ഒരു ഇടപെടൽ ഉണ്ടാകില്ലെന്ന് പാർട്ടി സംസ്ഥാന നേതൃത്വം സർക്കാരും ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുവാദത്തോടുകൂടിയാണ് ദിവ്യക്കെതിരെ കേസെടുത്തത്.
നടപടി ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടറി ഉറപ്പ് നൽകിയിരുന്നു. സ്വതന്ത്രമായ അന്വേഷണമായിരിക്കും ഉണ്ടാകുക. ആരൊക്കെ പങ്കാളികളാണോ അവർക്കെതിരെ അന്വേഷണം നടത്തി കുറ്റവാളികൾക്ക് ആവശ്യമായ ശിക്ഷ ഉറപ്പാക്കണം. ഇനി ഓരോ നടപടിയും വീട്ടുകാരുടെ കൂടി അഭിപ്രായം മാനിച്ചു മാത്രമേ കൈക്കൊള്ളു.അതിനനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. എല്ലാ അർത്ഥത്തിലും പാർട്ടി നവീന്റെ കുടുംബത്തിനൊപ്പം തന്നെയുണ്ടാകും. കെപി ഉദയഭാനു പറഞ്ഞു.
അതേസമയം, ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. പി പി ദിവ്യയെ പ്രതിചേര്‍ത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റമാണ് പി പി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.
ദിവ്യയെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കുന്നതിൽ നിർണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടലാണ്. പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതോടെയാണ് ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കുന്ന സമീപനത്തിൽ നിന്ന് കണ്ണൂർ ജില്ലാ നേതൃത്വം പിന്‍മാറിയത്.