എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യംചെയ്യും. നവീനിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത കൂടുതൽ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനാണ് നിലവിൽ സംഘത്തിന്റെ തീരുമാനം.
അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പിപി ദിവ്യ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കും. ജാമ്യാപേക്ഷ ഇന്ന് നൽകും.ആരോപണവിധേയയായ പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ആദ്യ ഘട്ടങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഒടുവിൽ വലിയ വിമർശനം നേരിട്ടതോടെയായിരുന്നു രാജി.
പിപി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ ഭാഗികമായി ആശ്വാസം കണ്ടെത്തുന്നുവെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ അഡ്വ പ്രവീണ്‍ ബാബു വ്യക്തമാക്കി. താന്‍ കൊടുത്ത പരാതിയില്‍ എല്ലാ തരത്തിലുള്ള നടപടിയുമുണ്ടായി ശിക്ഷ നടപ്പാക്കിയാല്‍ മാത്രമേ പൂര്‍ണമായ ആശ്വാസം ലഭിച്ച് സന്തോഷിക്കുന്ന സ്ഥിതിയുണ്ടാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ കൊടുത്ത പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അതില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.