NationalTop News

ഹിന്ദി മാസാചരണ പരിപാടിയുടെ പേരില്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി- ഗവര്‍ണര്‍ പോര്; ഔദ്യോഗിക ഗാനത്തിലെ ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ച് സ്റ്റാലിന്‍

Spread the love

ഹിന്ദിയെ ചൊല്ലി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്. ഹിന്ദി മാസാചരണ പരിപാടിയെച്ചൊല്ലിയായിരുന്നു തര്‍ക്കം. തമിഴ്‌നാട് ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ തമിഴ്‌നാടിന്റെ ഔദ്യാഗിക ഗാനത്തിലെ ദ്രാവിഡ എന്ന പദം ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തി. ഹിന്ദി മാസാചരണ പരിപാടിയും ചെന്നൈ ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ഒരുമിച്ച് ആക്കിയതില്‍ പ്രതിഷേധിച്ച് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.

പരിപാടിയില്‍ തമിഴ്‌നാടിന്റെ ഔദ്യാഗിക ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്ന് ദ്രാവിഡ എന്ന പദം ഒഴിവാക്കിയെന്നാണ് സ്റ്റാലിന്റെ ആരോപണം. രാജ്യത്തിന്റെ ഐക്യത്തിന് എതിര് നില്‍ക്കുന്ന ഗവര്‍ണറെ കേന്ദ്രം തിരികെ വിളിക്കണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ വേണ്ടവിധത്തില്‍ ബഹുമാനിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇന്ത്യന്‍ ഭരണഘടന ഹിന്ദി ഉള്‍പ്പെടെ ഒരു ഭാഷയും ദേശീയ ഭാഷയായി കണക്കാക്കുന്നില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇത്തരം പരിപാടികള്‍ നടത്തണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പ്രാദേശിക ഭാഷകളെ സമാന പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുന്ന പരിപാടികളും ആസൂത്രണം ചെയ്യേണ്ടതാണെന്നും സ്റ്റാലിന്‍ കത്തില്‍ സൂചിപ്പിച്ചു. തന്റെ എക്‌സ് പോസ്റ്റില്‍ സ്റ്റാലിന്‍ ഈ കത്ത് പങ്കുവച്ചിട്ടുമുണ്ട്.

അതേസമയം തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഹിന്ദിക്ക് വലിയ സ്വീകാര്യത ഉണ്ടെന്ന് ഗവര്‍ണര്‍ തിരിച്ചടിച്ചു.തമിഴ്‌നാടിനെ ഇന്ത്യയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. ഹിന്ദിയെ അംഗീകരിക്കാത്തത് വിഘടനവാദനയമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന് പോലും ഇടം നല്‍കാത്തയിടമാണ് തമിഴ്‌നാടെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഹിന്ദി മാസാചരണ പരിപാടിക്കെതിരെ ഡിഎംകെ പ്രതിഷേധവും സംഘടിപ്പിച്ചു. തമിഴക രാഷ്ട്രീയത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭാഷാപോര് മുറുകുകയാണ്.