സൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം; എസന്‍സ് ഗ്ലോബല്‍ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലീസ്
നവ നാസ്തികരുടെ സംഘടനയായ എസന്‍സ് ഗ്ലോബല്‍ നേതാവ് ആരിഫ് ഹുസൈനെതിരെ കേസ്. കേസെടുത്തതിന് പിന്നാലെ പരാതിയില്‍ ഉന്നയിക്കും വിധമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈന്‍ ഹൈക്കോടതിയെ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതായും വിദ്വേഷ പ്രചരണം നടത്തുന്നതായും കാണിച്ച് കോട്ടയം ഈരാറ്റുപേട്ട സ്വദേശി നിയാസ് നല്‍കിയ പരാതിയിലാണ് കേസ്. സാമൂഹിക സ്പര്‍ധയുണ്ടാക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ഗൂഗിള്‍, മെറ്റ എന്നിവരെയും ഹരജിയില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ഹരജിക്കാരുടെ വാദവും പരിശോധിച്ച കോടതി, ഹരജിക്കാരനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതോടെയാണ് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഈരാറ്റുപേട്ട പൊലീസ് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് വിവാദ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്നതിനായി നവംബര്‍ നാലിലേക്ക് മാറ്റി.