വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫും യുഡിഎഫും ഇന്ന് യോഗം ചേരും
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികൾ ആലോചിക്കാൻ എൽഡിഎഫും യുഡിഎഫും ഇന്ന് യോഗം ചേരും. എൽ ഡി എഫ് യോഗം രാവിലെ 11 മണിക്ക് സി പി ഐ എം ഏരിയ കമ്മറ്റി ഓഫീസിലാണ് ചേരുക. എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനും കോഴിക്കോട്ടേയും വയനാട്ടിലേയും സി പി ഐ എം , സി പി ഐ നേതാക്കളും പങ്കെടുക്കും. സി പി ഐ ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതോടെ നാളെ മുതൽ ഔദ്യോഗിക തെരഞ്ഞെടുപ്പ് പരിപാടികൾ മണ്ഡലത്തിൽ ആരംഭിക്കാനാണ് തീരുമാനം.
വൈകിട്ട് 3 മണിക്ക് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യുഡിഎഫ് യോഗത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ എം.കെ.രാഘവൻ എം.പി, വയനാട് ലോകസഭാ മണ്ഡലത്തിന് കീഴിലെ എം.എൽ എ മാർ, മലപ്പുറം,കോഴിക്കോട്, വയനാട് ഡി.സി.സി പ്രസിഡന്റുമാര്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റുമാര്, ഏഴ് നിയോജക മണ്ഡലങ്ങളുടെയും യു.ഡി.എഫ് ചെയര്മാന്മാര് എന്നിവരും പങ്കെടുക്കും.
പ്രിയങ്കാഗാന്ധി ആദ്യമായി മത്സരരംഗത്തേക്ക് എത്തുന്നുവെന്ന പ്രത്യേകതയാണ് വയനാട് ഉപതെരഞ്ഞെടുപ്പിനുള്ളത്. കഴിഞ്ഞ തവണ രാഹുൽഗാന്ധിക്ക് ലഭിച്ചതിനേക്കാൾ വോട്ടുകൾ നേടുക എന്നതാണ് യുഡിഎഫിന് മുന്നിലുള്ള വെല്ലുവിളി. മണ്ഡലത്തിൽ സ്വാധീനമുള്ള പിവി അൻവറിന്റെ നിലപാട് ഇടതുമുന്നണിക്ക് പ്രതിരോധമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വോട്ടുവിഹിതം ഉയർത്തുക എന്ന ദൗത്യമാണ് ബിജെപിയ്ക്ക് മുന്നിലുള്ളത്.
വയനാട് രണ്ടാം വീടെന്ന് പറഞ്ഞ രാഹുൽഗാന്ധി മണ്ഡലം വിട്ടൊഴിഞ്ഞതാണ് ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധം. മണ്ഡലത്തിലെ ജനതയെ ചതിച്ചുവെന്നാണ് പ്രചാരണത്തിലുടനീളം ഇടതുമുന്നണി ഉയർത്താൻ പോകുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി സത്യൻമൊകേരിയോ ഇ എസ് ബിജിമോളോ. 2014ലെ തെരഞ്ഞെടുപ്പിൽ എംഐ ഷാനവാസിൻറെ ഭൂരിപക്ഷം ഇടിക്കാനായതിൻറെ അനുഭവമുള്ളയാളാണ് സത്യൻമൊകേരി. പ്രിയങ്കാഗാന്ധിക്ക് എതിരാളി മറ്റൊരു വനിതാ സ്ഥാനാർത്ഥിയെങ്കിൽ ഇ എസ് ബിജിമോൾക്കാവും നറുക്ക്.
വയനാട് രണ്ടാം വീടെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനം ശരിവയ്ക്കുന്നതാണ് പ്രിയങ്കാഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വ്യക്തമാകുന്നതെന്ന് കോൺഗ്രസിൻറെ മറുപടി. തെരഞ്ഞെടുപ്പ് സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിനായുള്ള യോഗങ്ങൾ തുടരുന്നുവെന്ന് നേതാക്കൾ. കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്ന് ആത്മവിശ്വാസം.
2019ൽ 78816 വോട്ടുകളാണ് എൻഡിഎ നേടിയത്. ഇത്തവണ കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായി എത്തിയതോടെ ഉണ്ടായത് 141045 വോട്ടുകളുടെ ആധികാരിക മുന്നേറ്റം. ഇത് ഉയർത്തുക എന്ന ദൗത്യത്തിന് നേതൃത്വം നൽകാൻ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയാകുമോ, അതോ ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലയവയലിന് നറുക്ക് വീഴുമോ എന്ന കണ്ടറിയണം. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.