KeralaTop News

അന്ന് വയനാട്ടിൽ യുഡിഎഫിനെ വിറപ്പിച്ച സത്യൻ മൊകേരി ഇന്ന് പ്രിയങ്കയ്‌ക്കെതിരെ

Spread the love

വയനാട്ടിൽ സത്യൻ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ. വയനാട് മണ്ഡലത്തിൽ സത്യൻ മൊകേരിയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലെന്ന ധാരണയിലാണ് സിപിഐ.

പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിനിറങ്ങുന്ന വയനാട്ടിൽ സത്യൻ മൊകേരിയെ ഒരിക്കൽക്കൂടി പോരാട്ടത്തിനിറക്കുകയാണ് സിപിഐ. രൂപീകരണ കാലം മുതൽ യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാട്ടിൽ 2014-ൽ എംഐ ഷാനവാസിനെ വിറപ്പിച്ചിരുന്നു സത്യൻ മൊകേരി. ഷാനവാസ് ജയിച്ചത് ഇരുപതിനായിരം വോട്ടിന്. പിവി അൻവർ മുപ്പതിനായിരത്തിന് മുകളിൽ വോട്ട് പിടിച്ചില്ലായിരുന്നെങ്കിൽ അന്ന് മണ്ഡലം കൂടെ പോന്നേനെ എന്ന് സിപിഐ ഇന്നും വിശ്വസിക്കുന്നു. വയനാട് മണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരു എൽഡിഎഫ് സ്ഥാനാർത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് സത്യൻ മൊകേരി പിടിച്ചത്.

1953 ൽ കണ്ണൂരിലെ മൊകേരിയിൽ ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജായിരുന്നു രാഷ്ട്രീയ കളരി. എ ഐ എസ് എഫിന്റെ മുൻ നിരയിലേക്ക് അതിവേഗമെത്തി മൊകേരി പിന്നാലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും എത്തി.

1987 മുതൽ തുടർച്ചയായ മൂന്നു ടേം നാദാപുരത്തുനിന്ന് വിജയിച്ച് നിയമസഭയിലെത്തി. ഇക്കാലത്ത് സഭയിൽ നിറസാന്നിധ്യമായിരുന്നു. കോടിയേരി ബാലകൃഷ്ണന്റേയും സത്യൻ മൊകേരിയുടേയും പേരുകൾ ആകാശവാണിയിലെ സഭാ വാർത്തകളിൽ നിറഞ്ഞുനിന്ന കാലം. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് നീണ്ട ഇടവേള. സംഘടനാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. കിസാൻ സഭയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വർഷങ്ങൾ പ്രവർത്തിച്ചു. 2015-ൽ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറിയായി. നിലവിൽ സി പി ഐ ദേശീയ കൗൺസിൽ അംഗമാണ് അദ്ദേഹം.