എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി: മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി
ശബരിമലയിൽ പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു. എസ് അരുൺ കുമാർ നമ്പൂതിരിയെയാണ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശാണ് നറുക്കെടുത്തത്. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്. ഉഷപൂജക്ക് ശേഷം രാവിലെ 8 മണി കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്.
കൊല്ലം ശക്തി കുളങ്ങര സ്വദേശിയാണ് എസ് അരുൺ കുമാർ നമ്പൂതിരി. മുൻ ആറ്റുകാൽ മേൽശാന്തിയാണ് എസ് അരുൺ കുമാർ നമ്പൂതിരി. നിലവിൽ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ്. എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്ന് അരുൺ കുമാർ നമ്പൂതിരി ട്വന്റിഫോറിനോട് പ്രതികരിച്ചു. 30 വർഷമായി മേൽശാന്തിയായി ജോലി ചെയ്യുന്നത്. ആറു വർഷമായി ശബരിമല മേൽശാന്തിയാകാൻ ശ്രമിക്കുകയാണെന്ന് അരുൺ കുമാർ നമ്പൂതിരി പ്രതികരിച്ചു.
ടി വാസുദേവൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ വൈഷ്ണവിയാണ് മാളിപ്പുറത്തേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് നടത്തിയത്.ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും.