പി സരിന്റെ അപ്രതീക്ഷിത നീക്കം; രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി പാലക്കാട്
കോൺഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്റെ അപ്രതീക്ഷിത നീക്കത്തിലൂടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി പാലക്കാട് നിയമസഭാ മണ്ഡലം. പി സരിൻ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാകും. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തും മുമ്പേ എൽഡിഎഫിന്റെ പ്രഖ്യാപനം ഉണ്ടായേക്കും.
ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ സരിൻ പരസ്യമായി പ്രതികരിച്ചിരുന്നു. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. സരിൻ്റെ തുടർ നീക്കങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ച സിപിഐഎം നിലവിൽ പോസിറ്റീവായ തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്.
ഇന്ന് മണ്ഡലത്തിലെത്തുന്ന രാഹുൽ മാങ്കൂട്ടത്തിലിന് വൻ സ്വീകരണം നൽകാനാണ് യുഡിഎഫിന്റെ തയാറെടുപ്പ്. പ്രതിപക്ഷ നേതൃനിര പൂർണ്ണമായും സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. സ്വീകരണം ശക്തിപ്രകടനമാക്കാനുള്ള ഒരുക്കങ്ങൾ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടണ്ട്. ബിജെപിയും ഇന്ന് സ്ഥാനർഥിയെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സി കൃഷ്ണകുമാറിന് തന്നെയാണ് സാധ്യത.
എന്നാൽ മത്സരം കടുത്ത സാഹചര്യത്തിൽ ശോഭാ സുരേന്ദ്രൻ അനുകൂലികൾ സ്ഥാനാർഥി മാറ്റം ആവശ്യപ്പെട്ട് രംഗത്തുണ്ട്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ പി വി അൻവറും ഇന്ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.